തൃശൂര്‍: ചെയ്യാത്ത കുറ്റത്തിന് മകളുടെ പീഡന പരാതിയില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനവും ജയില്‍വാസവും ഏറ്റുവാങ്ങിയ അച്ഛന്‍ ഇപ്പോള്‍ സംഭവങ്ങളുടെ നിജസ്ഥിതി തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്. മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയെന്ന പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.കുട്ടിയുടെ അച്ഛനും അമ്മയും പിണങ്ങിക്കഴിയുകയാണ്. ഇവരുടെ വിവഹാമോചനക്കേസും നടന്നു കൊണ്ടിരിക്കുകയാണ്. 14കാരിയായ മകള്‍ അഞ്ചു വയസുമുതല്‍ അച്ഛനോടൊപ്പമായിരുന്നു താമസം. ഒരു ദിവസം മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍ മകളെ വീട്ടുപറമ്പില്‍ ഒരു യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ ദേഷ്യത്തില്‍ മകള്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്ന അമ്മയുടെ അടുത്തേക്ക് മാറി. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ മകള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിഞ്ഞ അച്ഛന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അമ്മയുടെ പ്രേരണയില്‍ കുട്ടി പരാതിപ്പെടുകയായിരുന്നുവെന്നാണറിവ്. കുട്ടിയുടെ പരാതി കിട്ടിയ ഉടന്‍ പോലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റുചെയ്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ മര്‍ദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തിട്ടുണ്ട്. കള്ളക്കേസാണെന്നും പോലീസും ഇതിന് കൂട്ടുനിന്നെന്നും തെളിവുകള്‍ സഹിതം ഇയാള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പോസീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.