പട്‌ന- സ്വന്തം വീട്ടിൽ വിരുന്നുപോയ ഭാര്യ തിരിച്ചുവരാൻ വൈകിയതിനെ തുടർന്ന് യുവാവ് ലിംഗം മുറിച്ചുമാറ്റി. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പോലീസ് സ്റ്റേഷന് പരിധിയിലുള്ള രജനി നയനഗർ പ്രദേശത്താണ് സംഭവം.
മഹേന്ദ്ര ബസുകിയുടെ മകൻ കൃഷ്ണ ബസുകി (25)യാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്വന്തം ലിംഗം മുറിച്ചുമാറ്റിയത്. ഗോൾപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാം വാർഡിൽ താമസിക്കുന്ന ഛോട്ടേ ലാൽ ബസുകിയുടെ മകൾ അനിതയെയാണ് ഇയാൾ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമടക്കം നാല് കുട്ടികളുണ്ട്.
പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് രജനി നയനഗറിലെ കുടുംബത്തെ കാണാനെത്തിയത്. ഇയാളുടെ ഭാര്യ അനിത മാതാപിതാക്കളുടെ വീട്ടിൽ പോയി മടങ്ങിവരാൻ വൈകിയതിനെ തുടർന്ന് രോഷാകുലനായ കൃഷ്ണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചെടുത്തു. രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ കണ്ട ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. കൃഷ്ണ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോ.സുകേഷ് കുമാർ പറഞ്ഞു.