ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ട്-4
മതരംഗത്ത് കേരള മുസ്‌ലിംകള്‍ രണ്ട് ധാരയായിരുന്നു. സുന്നികളും മുജാഹിദുകളും. ഇവര്‍ തമ്മില്‍ കടുത്ത ഭിന്നതയും അകല്‍ച്ചയുമായിരുന്നു. എന്നാല്‍ ഇവരെ രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗിന്റെ പ്ലാറ്റ് ഫോമില്‍ ഒന്നിപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു. മുസ്‌ലിം ലീഗ് നേതൃരംഗത്ത് ധാരാളം മുജാഹിദുകള്‍ ഉണ്ടായിരുന്നു. സുന്നികളും മുജാഹിദുകളും തമ്മിലുള്ള തര്‍ക്കം ഇന്നത്തേക്കാള്‍ വളരെ വളരെ രൂക്ഷമായിരുന്ന ആ കാലത്ത് സുന്നീ വീക്ഷണത്തോട് ചേര്‍ന്നു നില്‍ക്കുക മാത്രമല്ല അതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തങ്ങള്‍ മുജാഹിദുകളുമായി വളരെയേറെ സഹകരിക്കകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. മുജാഹിദുകളും സുന്നികളും ലീഗിന്റെ പ്ലാറ്റ് ഫോമില്‍ സഹകരിക്കാന്‍ തങ്ങളുടെ പക്വമായ നേതൃത്വം സാഹചര്യമൊരുക്കിയപ്പോള്‍ മുജാഹിദ് സുന്നി തര്‍ക്കങ്ങളുടെ തീഷ്ണത അല്പമെങ്കിലും കുറക്കാന്‍ സാഹചര്യമുണ്ടായി. പിന്നീടുണ്ടായ ഗള്‍ഫ് കുടിയേറ്റവും ഹജ്ജ്, ഉംറ എന്നിവ സാര്‍വത്രികമായതും അറബി ഭാഷയുടെ പ്രചാരണവും അറബ് ലോകവുമായുള്ള പ്രത്യക്ഷപരോക്ഷ സമ്പര്‍ക്കങ്ങളുമൊക്കെ കുറെ തര്‍ക്കങ്ങളുടെ തീഷ്ണത വളരെ കുറച്ചിട്ടുണ്ട്. ലീഗിന്റെ പ്ലാറ്റ് ഫോമില്‍ എന്‍.വി. അബ്ദുല്‍ സലാം മൗലവി, കെ.എം. മൗലവി ഉള്‍പ്പടെ പല ഉല്‍പതിഷ്ണു പണ്ഡിതന്മാരുമായുണ്ടായ സജീവ സമ്പര്‍ക്കങ്ങള്‍ സ്വതവേ പക്വമതിയും വിശാലവീക്ഷണഗതിക്കാരനുമായ തങ്ങളിലും രചനാത്മാക മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കാം. കൂടാതെ പലതവണ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച തങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് പലതും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടായിരിക്കാം. തങ്ങള്‍ വളര്‍ത്തിയ സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പടെ പലരും ഉല്‍പതിഷ്ണു പക്ഷത്തോട് ചേര്‍ന്നു നിന്നതിനെ അദ്ദേഹം ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല.
സമുദായത്തിലെ മതപരമായ തര്‍ക്കവിഷയങ്ങളില്‍ അദ്ദേഹത്തിന്ന് സ്വന്തമായ, നിലപാടുകളുമുണ്ടായിരുന്നു. സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ ചെയ്തത്. മഹാഭൂരിപക്ഷം മുസ്‌ലിംകളും സുന്നികളായ സ്ഥിതിക്ക് അവരെ പിണക്കാതിരിക്കുക എന്നത് പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ തേട്ടം തന്നെയാണ്. അന്നത്തെ ഉത്പതിഷ്ണുക്കളുടെ പല നിലപാടുകളും പക്വമായിരുന്നില്ലെന്നതും ഒരു വസ്തുതയാണ്. സുന്നികളെ പയ്യെ പയ്യെ അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കൂടുതല്‍ നല്ല നിലപാടിലേക്ക് കൊണ്ടുവരിക എന്ന പ്രായോഗിക സമീപനം സ്വീകരിക്കുക, അവരെ പിണക്കി അകറ്റാതിരിക്കുക എന്നിങ്ങനെയുള്ള തങ്ങളുടെ നിലപാടാണ് മുസ്‌ലിം ലീഗിന്ന് ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ സഹായിച്ചത്.
ബാഫഖി തങ്ങളെപറ്റി പലരും രേഖപ്പെടുത്തിയ അഭിപ്രായം കാണുക: ബി.വി. അബ്ദുല്ലക്കോയ പറയുന്നു: ''ആദര്‍ശ ധീരതയില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തെ വിലയിരുത്തുവാനും അതനുസരിച്ച് പലപ്പോഴും തന്റെ ദൃഢാഭിപ്രായത്തെപോലും പാകപ്പെടുത്താനും അദ്ദേഹത്തിന്ന് സാധിച്ചിരുന്നു.'' (ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം ഗ്രീന്‍ഹൗസ് പബ്ലിക്കേഷന്‍സ്)
ബാഫഖി തങ്ങളുടെ സഹായവും പ്രോത്സാഹനവും ധാരാളമായി കിട്ടിയ മര്‍ഹും: പ്രൊഫ. ടി. അബ്ദുല്ല സാഹിബ് എഴുതുന്നു: ''മതപരമായ കാര്യങ്ങളില്‍ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വഭാഗത്തിലെ ഉന്നത പണ്ഡിതന്മാരായ മര്‍ഹും: കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തില്‍ കടന്നുകൂടിയിട്ടുള്ള ശിര്‍ക്കുപരമായ കാര്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകള്‍ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. (ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം ഗ്രീന്‍ ഹൗസ് പബ്ലിക്കേഷന്‍സ്)
മര്‍ഹും സി. എന്‍. അഹ്മദ് മൗലവി എഴുതുന്നു: '' മറ്റു വിഷയങ്ങള്‍ എന്തൊക്കെയാണെങ്കിലും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാമെന്ന് നമ്മുടെ സുന്നി പണ്ഡിതന്മാര്‍ പറയുന്നത് വളരെ കടുത്ത കയ്യായിപ്പോയി. ഖുര്‍ആനില്‍ എത്രയോ സ്ഥലങ്ങളില്‍ വ്യക്തമായ ഭാഷയില്‍തന്നെ അതാവര്‍ത്തിച്ച് നിരോധിച്ചിട്ടുണ്ടല്ലോ എന്ന് പരേതനായ ബാഫഖി തങ്ങള്‍ അവര്‍കള്‍ 1966ല്‍ മക്കയില്‍വെച്ച് എന്നോട് തുറന്ന് പറഞ്ഞു.'' (പ്രബോധനം വാരിക 1974 ഒക്‌ടോബര്‍ 6)
സപ്ത വത്സരക്കാലം 'ചന്ദ്രിക'യില്‍ സഹ പത്രാധിപരായി സേവനമനുഷ്ഠിച്ച പി.കെ. ജമാല്‍ അനുസ്മരിക്കുന്ന ഒരനുഭവം ബാഫഖി തങ്ങളുടെ ഉന്നത നിലപാടും വിശാല വീക്ഷണവും വിളിച്ചോതുന്നതാണ്. ''ഒരു സായാഹ്നത്തില്‍ മാനേജിംഗ് എഡിറ്റര്‍ ടി.പി. കുട്ട്യാമു സാഹിബിന്റെ അധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്. യൂത്ത് ലീഗ് നോതാക്കള്‍ പി.കെ. മുഹമ്മദ്, കെ.കെ. മുഹമ്മദ്, എം.എസ്.എഫ് നേതാവ് കെ.പി. കുഞ്ഞിമ്മൂസ, റഹീം മേച്ചേരി, ഹകീം (കാനേഷ്) പൂനൂര്, സി.കെ. താനൂര്‍, ആറ്റക്കോയ പള്ളിക്കണ്ടി, പാലാട്ട് മൂസക്കോയ തുടങ്ങി എല്ലാവരുമുണ്ട്. ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ യോഗത്തിലേക്ക് കയറിവന്നു. ഓരോരുത്തരെയുമായി പരിചയപ്പെട്ടു. എന്റെ ഊഴമെത്തിയപ്പോള്‍ കുട്ട്യാമു സാഹിബ്: ''ജമാല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് പഠിച്ച് പുറത്ത് വന്നതാണ്.'' തങ്ങള്‍ തലയാട്ടി. ഞാനത് മറന്നു. തങ്ങള്‍ മറന്നില്ല. ഒരു മാസം കഴിഞ്ഞു കാണും തങ്ങള്‍ എന്നെ കുട്ട്യാമു സാഹിബിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ശാന്തപുരത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും പഠന ക്രമത്തെക്കുറിച്ചും വിശദമായി അന്വേഷിച്ചു. നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ചേകനൂരിന്റെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ പൊളിച്ചെഴുതാന്‍ സിമ്പോസിയം നടത്തിയതിന്റെ പിറ്റേ ദിവസസമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്ന് വാദമുഖങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഒ. അബ്ദുറഹ്മാന്‍ (എ.ആര്‍), മറുഭാഗത്ത് പി.പരമേശ്വരന്‍, ജസ്റ്റിസ് ജാനകിയമ്മ, എന്‍.പി. മുഹമ്മദ്, തായാട്ട് ശങ്കരന്‍, മൂസഎ. ബക്കര്‍, ചേകനൂര്‍, പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍ തുടങ്ങിയ അതികായന്മാര്‍. മുസ്‌ലിം സമൂഹത്തില്‍ നിന്ന് പേഴ്‌സണല്‍ ലോ വസ്തുതകള്‍ വിശദീകരിക്കാനും വിമര്‍ശനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാനും ഇസ്‌ലാമിക സിവില്‍ ക്രിമിനല്‍ നിയമങ്ങളുടെ സത്യതയും സ്വഛതയും സാധുതയും സ്ഥാപിക്കാനും എ.ആര്‍ മാത്രം. എ.ആര്‍ കത്തിജ്ജ്വലിച്ചു. ആളിപ്പടര്‍ന്നു. എതിരാളികളെ അരിഞ്ഞുവീഴ്ത്തി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്ന അത്..... ബാഫഖി തങ്ങള്‍ കുട്ട്യാമു സാഹിബിന്റെ നേരെ തിരിഞ്ഞു. ''ഞാന്‍ ഇന്നലെ കാറിലിരുന്ന് ഒരു പ്രസംഗം ശ്രവിച്ചു. ആ കുട്ടിയുടെ പ്രസംഗം വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് അതൊന്ന് കിട്ടണം. പരിപാടിയെക്കുറിച്ച് പത്രത്തില്‍ എഴുതണം. അന്ന് തന്നെ ''പ്രബോധന''ത്തില്‍ ആളയച്ച് തങ്ങള്‍ ആ കാസറ്റ് വരുത്തി പകര്‍ത്തി, നന്ദിയോടെ തിരിച്ചേല്‍പിച്ചു. ''മോഡണിസം തുടക്കവും തകര്‍ച്ചയും'' എന്ന തലക്കെട്ടില്‍ പിറ്റേന്ന് ഒരു ലേഖനം 'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തങ്ങള്‍ ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു. സര്‍വരെയും ഉള്‍ക്കൊള്ളഉന്ന ഒരു വലിയ മനസ്സ്.'' (ശാന്തപുരം അല്‍ജാമിഅഃ സുവനീര്‍ 2003)
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ട ബാഫഖി തങ്ങള്‍ മുജാഹിദുകളെ തുടര്‍ന്ന് നമസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ബാഫഖി തങ്ങളുടെ മനോഹരമായ ജീവചരിത്രം തയ്യാറാക്കിയ എം.സി. വടകര എഴുതിയത് കാണുക. '' സുന്നികളും മുജാഹിദുകളും തമ്മില്‍ ചേരിതിരിഞ്ഞ് കലഹിക്കുകയും അറ്റമില്ലാത്ത വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്യുകയെന്നത് മലബാറിലെ ശാന്തജീവിതത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളായിരുന്നു. നിരര്‍ഥകമായ തര്‍ക്കവിതര്‍ക്കങ്ങള്‍ നിശയുടെ അന്ത്യയാമങ്ങളെപ്പോലും ശബ്ദായനമാക്കുകയും പലപ്പോഴും കയ്യാങ്കളിയിലോളം കടന്നുപോവുകയും ചെയ്യും.... എന്നാല്‍ ബാഫഖി തങ്ങള്‍ വ്യത്യസ്തമായ ഒരു സുന്നി ആയിരുന്നു. സുന്നി പക്ഷത്തെ തലയെടുപ്പുള്ള നേതാവാണെങ്കിലും വാദപ്രതിവാദങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. സുന്നി വികാരത്തേക്കാളുപരി സമുദായ ഐക്യത്തിന് പ്രാധാന്യം നല്‍കിയതിനാല്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനാണ് സുന്നികളെയും മുജാഹിദുകളെയും അദ്ദേഹം ഉപദേശിക്കാറ്. അവരെല്ലാം രാഷ്ട്രീയ രംഗത്ത് ബാഫഖിതങ്ങളുടെ ഉറച്ച അനുയായികളുമാണല്ലോ.... ലീഗിന്റെ യോഗങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ കെ.എം. മൗലവിയോടാണ് ബാഫഖി തങ്ങള്‍ ആവശ്യപ്പെടാറ്.'' (പേജ് 163, 164)
മതാനുഷ്ഠാനങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്തിയ തങ്ങള്‍ ശിര്‍ക്ക് കലര്‍ന്ന ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളെ അദ്ദേഹത്തിന്റെ അനുയായികള്‍ അതിരറ്റു സ്‌നേഹിച്ചു. ഒരു പക്ഷേ, വീരാരാധനയോളം അത് പലപ്പോഴും വളര്‍ന്നു. പക്ഷേ തങ്ങളത് അംഗീകരിക്കില്ല. പരിശുദ്ധ ഹജ്ജ് കഴിഞ്ഞ ഉടന്‍ മക്കയില്‍വെച്ച് വെള്ളിയാഴ്ച മരിച്ച തങ്ങളെ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ മരണാനന്തരം കൈകാര്യം ചെയ്യുന്ന ഗതികേടില്‍ നിന്ന് അല്ലാഹു തങ്ങളെയും സമുദായത്തെയും രക്ഷിച്ചുവെന്ന ചിലരുടെ നിരീക്ഷണം തെറ്റല്ല. തങ്ങള്‍ മരിച്ചതിവിടെയായിരുന്നെങ്കില്‍ ദര്‍ഗയും അനുബന്ധ അനാചാരങ്ങളും ഉണ്ടായേനെ.
ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ 'ദഅ്‌വത്തി'ന്റെ പത്രാധിപരും അഖിലേന്ത്യാ ജമാഅത്ത് ശൂറാംഗവുമായിരുന്ന മര്‍ഹൂം മുസ്‌ലിം സാഹിബ് ബാഫഖി തങ്ങളെ സംബന്ധിച്ചുള്ള മധുരസ്മരണ രേഖപ്പെടുത്തിയത്കൂടി കാണുക: ''1942 ലെ രണ്ട് മാസക്കാലത്തോളമുള്ള ജീവിതം ഇന്നും ഓര്‍ക്കുന്നു... ഞാനന്ന് ഖാക്‌സാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു. മദ്രാസില്‍ തടവിലായിരുന്നു അല്ലാമാ ഇനായത്തുല്ലാ മശ്‌രിഖി. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മലബാറായിരുന്നു എന്റെ പ്രവര്‍ത്തനമേഖല. ഖാക്‌സാര്‍ പ്രസ്ഥാനത്തിനുണ്ടായിരുന്ന ഒരു ചിട്ട അതിഥികളായി മൂന്ന് ദിവസത്തിലധികം ആരുടെ കൂടെയും താമസിക്കരുതെന്നായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ ജീവിതച്ചെലവിന്ന് വകയുണ്ടാക്കുക, പ്രസ്ഥാന പ്രവര്‍ത്തനം നടത്തുക ഇതായിരുന്നു മുറ..... പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. വണ്ടിക്കൂലിക്ക് മറ്റ് ഉപായങ്ങളൊന്നും പറ്റില്ലല്ലോ. കീശ ശുഷ്‌കിച്ചിരുന്നു. മൂന്ന് രൂപ മാത്രമായി കൈയിലിരിപ്പ്. നിശ്ചയ പ്രകാരം ഒരു മാസം കൂടി താമസിക്കേണ്ടതുണ്ടായിരുന്നു. മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ജോലി അന്വേഷിക്കുക തന്നെ. അങ്ങിനെ ഒരു വിദൂര പ്രദേശത്ത് പോയി കൂലിവേലയാരംഭിച്ചു. പെട്ടെന്ന് എന്ത് പണി കിട്ടും? ഇഷ്ടിക ചുമക്കുന്ന പണി കിട്ടി. ഇഷ്ടിക ചുമന്ന് മുകളിലെത്തിക്കുക ഇതായിരുന്നു ജോലി. ഒരുറുപ്പികയും പത്തണയും ആയിരുന്നു ദിവസക്കൂലി കിട്ടിയിരുന്നത് എന്ന് തോന്നുന്നു.
എങ്ങനെയോ ഈ കഥ പതുക്കെ പലരുമറിഞ്ഞു. ഞാന്‍ ഇങ്ങനെ ഒരു ജോലിയിലാണേര്‍പ്പെട്ടിരിക്കുന്നത് എന്നറിഞ്ഞവരുടെ കൂട്ടത്തില്‍ മര്‍ഹൂം അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ ഞങ്ങള്‍ തമ്മില്‍ ഉറ്റബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം വളരെ നിര്‍ബന്ധിച്ച് എന്റെ പേരില്‍ കുറെ കുരുമുളക് എവിടേക്കോ അയച്ച് വില്‍പനയാക്കി അതിന്റെ ലാഭം എനിക്ക് തന്നു. ഞങ്ങള്‍ ഖാക്‌സാര്‍ പ്രവര്‍ത്തകരുടെ ഈ സന്നദ്ധ സേവനത്തിന്റെ മഹത്വം മുസ്‌ലിം ലീഗുകാരും സമ്മതിച്ചു. മാത്രമല്ല, പലപ്പോഴും അവര്‍ അവരുടെ മിക്ക പാര്‍ട്ടി യോഗങ്ങളിലും ഇതിനെ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. (സ്മരണകള്‍ സംഭവങ്ങള്‍, മൂന്നാം പതിപ്പ് പേജ്. 58,59)
ബഹുസ്വര സമൂഹത്തില്‍ ബഹു പാര്‍ട്ടി ജനാധിപത്യ ഘടനയില്‍ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന് പഠിക്കാന്‍ ബാഫഖി തങ്ങള്‍ ഇന്നും നല്ലൊരു പാഠപുസ്തകമാണ്. വിയോഗത്തിനുശേഷം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ബാഫഖി തങ്ങള്‍ നല്ലൊരു പ്രചോദനവും മാതൃകയുമാണെന്ന് ഏതു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)