Sorry, you need to enable JavaScript to visit this website.

അപകടത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം; ബോണറ്റില്‍ യുവാവുമായി യുവതി കാറോടിച്ചത് ഒരുകി.മീ. ദൂരം

ബെംഗളൂരു: വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബോണറ്റില്‍ അള്ളിപ്പിടിച്ച യുവാവുമായി യുവതി അപകടകരമായി കാറോടിച്ചത് ഒരുകിലോമീറ്ററോളം ദൂരം. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് വാഹനം തടയാന്‍ ശ്രമിച്ച യുവാവിനെ ബോണറ്റില്‍വെച്ച് യുവതി റോഡില്‍ പരാക്രമം കാട്ടിയത്. ഒരുകിലോമീറ്ററോളം ദൂരം  ഇത്തരത്തില്‍ യുവാവുമായി സഞ്ചരിച്ചതിന് ശേഷമാണ് യുവതി വാഹനം നിര്‍ത്തിയത്.

പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ മുള്‍മുനയിലാക്കി വാഹനവുമായി റോഡിലൂടെ ചീറിപ്പാഞ്ഞതെന്ന് പോലീസ് പറഞ്ഞു. ദര്‍ശന്‍ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിപ്പോയത്. ജ്ഞാനഭാരതി നഗറില്‍വെച്ച് ഇരുവരുടെയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തിന് പിന്നാലെ പ്രിയങ്കയും ദര്‍ശനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവാവ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശ്ലീല ആംഗ്യം കാണിച്ച് കാറുമായി മുന്നോട്ടുപോകാനായിരുന്നു പ്രിയങ്കയുടെ ശ്രമം. ഇതോടെ കാറിന് മുന്നിലേക്കിറങ്ങി യുവാവ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ യുവതി കാര്‍ മുന്നോട്ടെടുക്കുകയും യുവാവ് കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിക്കുകയുമായിരുന്നു. പിന്നീട് യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ യുവാവും സുഹൃത്തുക്കളും കാറിന്റെ ചിലഭാഗങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രിയങ്കയ്ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ ദര്‍ശനും സുഹൃത്തുക്കള്‍ക്കും എതിരേയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

 

 

Latest News