ന്യൂദൽഹി- എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് 30 ലക്ഷം രൂപ പിഴ ചുമത്തി. യാത്രക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാണ് പിഴ. വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു.
നവംബർ 26 നാണ് ന്യൂയോർക്കിൽനിന്ന് ദൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ 72-കാരിയായ സ്ത്രീയുടെ മേൽ മദ്യലഹരിയിൽ ശങ്കർ മിശ്ര എന്ന യാത്രക്കാരൻ മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തിൽ കുതിർന്നതായി യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു.
വിമാന ജീവനക്കാരോട് യാത്രക്കാരി അതേ നിമിഷം തന്നെ പരാതി ഉന്നയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. വിമാനം ദൽഹിയിലെത്തിയപ്പോൾ ഇയാൾ ഇറങ്ങിപ്പോകുകയും ചെയ്തു. ഇതേത്തുടർന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകിയത്. പോലീസ് ശക്തമായി ഇടപെട്ടതിനെ തുടർന്ന് മിശ്രയെ പിന്നീട് പോലീസ് പിടികൂടി. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്ന മിശ്രയെ പിന്നീട് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ഇയാൾക്ക് എയറിന്ത്യ നാലു മാസത്തെ യാത്രവിലക്കും ഏർപ്പെടുത്തി. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വിചിത്രവാദവുമായാണ് ഇയാൾ കോടതിയിൽ എത്തിയത്. സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചിട്ടില്ലെന്നും പ്രായമായ അവർ തന്നെയാണ് സ്വന്തം സീറ്റിൽ മൂത്രമൊഴിച്ചതെന്നുമാണ് ശങ്കർ മിശ്ര ഡൽഹി കോടതിയിൽ വാദിച്ചത്. ഡൽഹി പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വാദം.
കഴിഞ്ഞ ദിവസം കേസിൽ ശങ്കർ മിശ്രയ്ക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പട്യാല ഹൗസ് കോടതിയിൽ വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോമൾ ഗാർഗ് തള്ളിയത്. കഴിഞ്ഞ നവംബർ 26-നാണ് സംഭവം നടന്നത്.