ജയ്പൂര്‍- മൂന്നുവയസ്സുകാരി മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ട്രയിനില്‍ കയറി മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയും സുഹൃത്തും അറസ്റ്റിലായി. തിങ്കളാഴ്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷം പ്രതികള്‍ പിടിയിലാവുകയായിരുന്നു.
ശ്രീഗംഗാനഗര്‍ ജില്ലയിലാണ് മൂന്നുവയസ്സുകാരി കിരണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സുനിത, സുഹൃത്ത് മാള്‍ട്ട എന്ന സണ്ണി എന്നിവരാണ് അറസ്റ്റിലായത്.
ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കിരണിന്റെ മൃതദേഹവുമായെത്തിയ ഇരുവരും രാവിലെ 6.10നാണ് ട്രയിനില്‍ കയറിയത്. ഫതുഹി റെയില്‍വേ സ്റ്റേഷനു സമീപത്തെ കനാലിലേക്കാണ് കിരണിന്റെ മൃതദേഹം വലിച്ചെറിഞ്ഞത്. എന്നാല്‍ മൃതദേഹം ലക്ഷ്യംതെറ്റി റെയില്‍വേ ട്രാക്കില്‍ തന്നെ പതിക്കുകയായിരുന്നു.
സുനിതയും സണ്ണിയും ഒരുമിച്ച് ശാസ്ത്രിനഗറിലാണ് താമസിക്കുന്നത്. സുനിതയ്ക്ക് അഞ്ചു മക്കളാണുള്ളത്. ഇവരില്‍ രണ്ടു പെണ്‍മക്കള്‍ സുനിതയ്‌ക്കൊപ്പവും മൂന്നുപേര്‍ ഭര്‍ത്താവിനൊപ്പവുമായിരുന്നു ജീവിച്ചിരുന്നത്.
റെയില്‍വേ ട്രാക്കില്‍ നിന്നും പിറ്റേ ദിവസം കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിയുകയും സുനിതയെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവരേയും അറസ്റ്റ് ചെയ്തു.