കിംഗ്സ്റ്റണ്‍: ഒളിംപിക് ചാംപ്യന്‍ ഉസൈന്‍ ബോള്‍ട്ട് നിക്ഷേപക സ്ഥാപനത്തില്‍ നിക്ഷേപിച്ച തുകയില്‍ 12.7 മില്യന്‍ ഡോളര്‍ കേവലം പന്ത്രണ്ടായിരം ഡോളര്‍ മാത്രമായി കുറഞ്ഞതിനെതിരെ കേസിലേക്ക്. കിംഗ്സ്റ്റണ്‍ ആസ്ഥാനമായുള്ള സ്റ്റോക്ക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡിലാണ് ഉസൈന്‍ ബോള്‍ട്ട് പണം നിക്ഷേപിച്ചത്.
ആവശ്യമെങ്കില്‍ കോടതിയില്‍ കേസുമായി പോകുമെന്നാണ് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ അറിയിച്ചത്. സ്റ്റോക്ക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡിലെ അക്കൗണ്ട് ബാലന്‍സ് വെറും 12,000 ഡോളറായി കുറഞ്ഞുവെന്നാണ് ബോള്‍ട്ടിനെ കഴിഞ്ഞ ആഴ്ച അറിയിച്ചതെന്നാണ് അഭിഭാഷകന്‍ ലിന്റണ്‍ ഗോര്‍ഡന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
കമ്പനി ഫണ്ട് തിരികെ നല്‍കിയില്ലെങ്കില്‍ തങ്ങള്‍ വിഷയവുമായി കോടതിയെ സമീപിക്കുമെന്ന് ഗോര്‍ഡന്‍ പറഞ്ഞു. എട്ട് തവണ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് തന്റേയും മാതാപിതാക്കളുടെയും പെന്‍ഷന്‍ എന്ന നിലയിലാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
കടുത്ത നിരാശയാണിതെന്നും ബോള്‍ട്ടിന് തന്റെ പണം വീണ്ടെടുക്കാനും സമാധാനത്തോടെ ജീവിക്കാനും കഴിയുന്ന വിധത്തില്‍ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു മുന്‍ ജീവനക്കാരന്റെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ് പണം നഷ്ടപ്പെടാന്‍ കാരണമെന്ന് ബോധ്യപ്പെട്ടതായി സ്റ്റോക്ക്‌സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് അറിയിച്ചു. ഇക്കാര്യം നിയമ നിര്‍വ്വഹണ വിഭാഗത്തിന് റഫര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു, ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനും പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപകടകരവും ദുഷിച്ചതുമായ വഞ്ചനയാണ് നടത്തിയെന്നും എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ധനമന്ത്രി നിഗല്‍ ക്ലാര്‍ക്ക് അറിയിച്ചു.