തളിപ്പറമ്പ്-സി.പി.എം പോഷക സംഘടനകളുടെ നവവത്സരാഘോഷം പോലീസിൽ പരാതി നൽകി നിർത്തിപ്പിച്ച സി.പി.എം പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.എം നടുവിൽ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റിയംഗവും ചുമട്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) യൂനിറ്റ് സെക്രട്ടറിയുമായ ചുബി എന്നറിയപ്പെടുന്ന കെ.സുബൈറിനെയാണ് പുറത്താക്കിയത്. ലോക്കൽ കമ്മിറ്റി യോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഡിസംബർ 31 ന് രാത്രി നടുവിൽ സ്‌കൂളിന് സമീപം കുണ്ട് കണ്ടത്താണ് ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ, ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുവൽസരാഘോഷ പരിപാടി സംഘടിപ്പിച്ചത്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം. പരിപാടി രാത്രി പത്ത് മണിക്ക് ശേഷവും നീണ്ടതോടെ കുടിയാൻമല പോലീസ് സ്ഥലത്തെത്തി നിർത്തിവെപ്പിക്കുകയായിരുന്നു. പത്ത് മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് ആഘോഷം തടഞ്ഞത്. ഇത് സി.പി.എം പ്രവർത്തകരിൽ അമർഷം സൃഷ്ടിക്കുകയും പോലീസിനെ ചോദ്യം ചെയ്യുന്നതിൽ കലാശിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് പരാതി ലഭിച്ചതിനെത്തുടർന്ന് തങ്ങൾ ഇടപെട്ടതെന്ന് പോലീസ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സുബൈറാണ് പരാതിപ്പെട്ടതെന്ന് തെളിഞ്ഞത്. ഇതേത്തുടർന്ന് ബ്രാഞ്ച് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് രണ്ട് തവണ സുബൈറിന് കത്ത് നൽകി. എന്നാൽ സുബൈർ വിശദീകരണം നൽകാൻ തയാറായില്ല. സുബൈറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാട് ബ്രാഞ്ച് കമ്മിറ്റി സ്വീകരിക്കുകയും ലോക്കൽ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)