Sorry, you need to enable JavaScript to visit this website.

ഞാന്‍ ഇല്ലാതായാല്‍ 'പാര്‍ട്ടിക്കാര്‍ വീട്ടില്‍ വരരുത്,  ഭാര്യ എന്നെ ചുവപ്പ് പുതപ്പിച്ചോളും'

തൃശ്ശൂര്‍- 'അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചോപ്പു പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം''. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപമുള്ള ജോഷി ആന്റണി ബാങ്കിന്റെ മാപ്രാണം ശാഖാ മാനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാട്സാപ്പിലൂടെ അയച്ച കത്തിലുള്ളതാണിത്.
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ചികിത്സയ്ക്കുപോലും നിക്ഷേപം ഉപകരിക്കാതെ വന്നതിലുള്ള രോഷമാണ് വാക്കുകളില്‍. പണംചോദിച്ചപ്പോള്‍ രണ്ടു ലക്ഷമാണ് ബാങ്ക് നല്‍കിയത്.
'ഇടതുചെവിയുടെ ശേഷി നഷ്ടമായി. ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുന്നു. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തില്‍ ട്യൂമര്‍ വളരുന്നത് കണ്ടെത്തിയത്. 2016ല്‍ ഒരുതവണ ട്യൂമര്‍ നീക്കിയതാണ്. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമൃത ആശുപത്രിയില്‍ ട്യൂമര്‍ സര്‍ജറിക്കു പോകണം.
രാപകല്‍ കഠിനാധ്വാനം ചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും ചേര്‍ത്ത് നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലാണ്. അതു തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ എനിക്കെതിരേ ബാങ്കിന്റെ വക്കീലും കൂടെ സര്‍ക്കാര്‍ വക്കീലും ചേര്‍ന്നാണ് യുദ്ധം.
പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതല്‍ പോലീസ് കേസുകളും കൊടിയ മര്‍ദനങ്ങളും സഹിച്ചതുമെല്ലാം പാര്‍ട്ടിക്കുവേണ്ടിയാണ്. പറ്റുമെങ്കില്‍ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയില്‍ പെടുത്തുമല്ലോ' എന്നാവശ്യപ്പെട്ടാണ് ജോഷി കത്ത് അവസാനിപ്പിക്കുന്നത്.
 

Latest News