ഹൈദരാബാദ്- ജനാധിപത്യത്തിന് ബി.ജെ.പി ഭീഷണിയാണെന്നും രാജ്യത്ത് പ്രതിപക്ഷ ഐക്യം അനിവാര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം ഇതെല്ലാം ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഖമ്മത്ത് നടത്തിയ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണ്. മതേതരത്വം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്നവര്‍ തന്നെ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം കെ.സി.ആറിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്‌കരായ സംസ്ഥാന മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിനും പിണറായി വിജയന്‍ കെ.സി.ആറിനെ പ്രശംസിച്ചു.
ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ക്ക് ഇന്ത്യ എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യത്തെയും ഫെഡറിലിസത്തെയും ദുര്‍ബലമാക്കിയെന്നും ഹിന്ദിയുടെ വരവ് പ്രാദേശിക ഭാഷകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നതായി പിണറായി വിജയന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ ഘടന തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
പൊതുസമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.