ജിദ്ദ- വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധന പാലിക്കാതെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച മലയാളിക്ക് പതിനായിരം റിയാല്‍ പിഴയടക്കണമെന്ന സന്ദേശം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈഫാഅ് ഡോട് കോം സന്ദര്‍ശിച്ച് പിഴ ഓണ്‍ലൈനായി അടക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അപ്പീല്‍ നല്‍കി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം സ്വദേശി.
നിര്‍ദിഷ്ട നുസുക് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി കരസ്ഥമാക്കാതെ സുഹൃത്തിനു വഴികാട്ടിയായാണ് ഇദ്ദേഹം ഹറമിലെത്തിയത്. ഉംറയും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് രാത്രി പതിനൊന്ന് മണിയോടെ പിഴയടക്കാനുള്ള എസ്.എം.എസ് ലഭിച്ചു.
കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും അധികൃതര്‍ പിന്‍വലിച്ചിരിക്കെ മുന്‍കൂട്ടി സമയം തെരഞ്ഞെടുത്ത് ബുക്ക് ചെയ്തിരിക്കണമെന്ന നിബന്ധന കൂടി പാലിക്കാതെ നിരവധി പേര്‍ ഉംറ നിര്‍വഹിക്കാന്‍ പോകുന്നുണ്ട്. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് മലയാളിക്കുണ്ടായ അനുഭവം. പഴയതു പോലെ മൊബൈല്‍ വാങ്ങി പെര്‍മിഷന്‍ ഉണ്ടോ എന്നു നോക്കുന്നില്ലെന്നതാണ് പലര്‍ക്കും പ്രേരണ. വളരെ ഈസിയായി ഉപയോഗിക്കാവുന്ന നുസുക് പ്ലാറ്റ് ഫോമില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടായിട്ടും സൗദി അറേബ്യയിലുള്ള പ്രവാസികള്‍ ഇത്തരത്തിലുള്ള റിസ്‌ക് എടുക്കാനുള്ള കാരണം അലസതയും മടിയുമല്ലാതെ മറ്റൊന്നുമല്ല.
ഉംറ നിര്‍വഹിക്കാനോ മദീന സിയാറത്തിനോ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും നുസുക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ ഉണ്ടായിരുന്ന ഇഅ്തമര്‍നാ ആപ്പിനു പകരമാണ് നുസുക്. സെക്കന്‍ഡുകള്‍ക്കകം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്പാണിത്. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാനും പാസ് വേഡ് കരസ്ഥമാക്കാനും ഇഖാമ നമ്പറും ജനനതീയതിയും മാത്രം നല്‍കിയാല്‍ മതി. പാസ് വേഡ് മറന്നുപോയാല്‍ അത് റീ സെറ്റ് ചെയ്യാനും എളുപ്പം സാധിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)