കൊച്ചി - ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ നിലമ്പൂരിലെ ഇടത് എം.എൽ.എ പി.വി അൻവറിനെ ഇ.ഡി ചോദ്യം ചെയ്യുന്നതായി വിവരം. കൊച്ചിയിൽ വച്ചാണ് ചോദ്യംചെയ്യൽ.
മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്രഷർ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ക്രഷറിൽ പത്തു ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അൻവർ തട്ടിയെന്ന് പ്രവാസി എൻജിനീയർ നടുത്തൊടി സലീം പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജറാക്കാൻ ഇ.ഡി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇ.ഡി എം.എൽ.എയെ വിളിപ്പിച്ച് ചോദ്യംചെയ്യുന്നതെന്നാണ് വിവരം.
വിമാനദുരന്തത്തിന് കാരണം യന്ത്രത്തകരാറോ, പൈലറ്റിന്റെ പിഴവോ?
- ആരേയും രക്ഷിക്കാനായില്ലെന്ന് സൈന്യം. തിരിച്ചറിഞ്ഞത് 35 പേരെ. കാലാവസ്ഥ വില്ലനായില്ലെന്നും റിപ്പോർട്ട്
കാഠ്മണ്ഡു - നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരണം. സംഭവസ്ഥലത്തെ ചില സോഴ്‌സുകളെ ഉദ്ധരിച്ച് മലയാളം ന്യൂസ് ഇന്നലെ തന്നെ വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചതായുള്ള അനൗദ്യോഗിക വിവരം പുറത്തുവിട്ടിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് നേപ്പാൾ സൈനിക വക്താവ് ഇന്ന് സ്ഥിരീകരിച്ചു. ഇതുവരെയായി 35 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം പൊഖാറ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിലാണ് സൂക്ഷിച്ചിട്ടുള്ളത്.
അതിനിടെ വിമാന ദുരന്തത്തിന്റെ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ നൽകുന്ന ബ്ലാക് ബോക്‌സ് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ.ടി.ആർ 72 വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിന് ഒരു മിനിറ്റ് മുമ്പും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ച്ചാപ്രശ്‌നങ്ങളോ കാലാവസ്ഥാ പ്രശ്‌നങ്ങളോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ യന്ത്രത്തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. 'വിമാനത്തിന് ലാൻഡിംഗ് ക്ലിയറൻസ് ലഭിച്ചിരുന്നു. കാലാവസ്ഥയും നല്ലതായിരുന്നു. എല്ലാം ശരിയായിരുന്നു. പിന്നെ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നത് അന്വേഷണത്തിന്റെ വിഷയമാണെന്ന'് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ജനറൽ മാനേജർ പ്രേംനാഥ് താക്കൂർ പറഞ്ഞു.
ഇൻസ്ട്രക്ടർ പൈലറ്റായ ക്യാപ്റ്റൻ കമൽ കെ.സിയുടെ നേതൃത്വത്തിൽ വിമാനം 110 കിലോമീറ്റർ അകലെ നിന്ന് പൊഖാറ കൺട്രോൾ ടവറുമായി ആദ്യമായി ബന്ധപ്പെട്ടു. പിന്നീട് പടിഞ്ഞാറൻ അറ്റത്തുള്ള റൺവേ 12ലേക്ക് മാറാൻ അനുമതി തേടി. അനുമതി നൽകി. അതനുസരിച്ച്, വിമാനം ഇറങ്ങാൻ തുടങ്ങി. എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. പക്ഷേ കാര്യങ്ങൾ കൈവിട്ടു -സീനിയർ എയർ ട്രാഫിക് കൺട്രോളർ അനുപ് ജോഷി പറഞ്ഞു.
അപകടസമയത്ത് പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും വിമാനത്തിന്റെ അവസാന നിമിഷങ്ങൾ കാണിക്കുന്ന ഒരു വീഡിയോയിൽ, വിമാനം വന്യമായി ഒരു വശത്തേക്ക് നീങ്ങുന്നത് കാണാം. തെളിഞ്ഞതും സൂര്യപ്രകാശമുള്ളതുമായ ആകാശമാണ് ആ സമയത്ത്. എന്തായാലും തകർച്ചയിലേക്ക് നയിച്ച ഘടകങ്ങൾ അന്വേഷണം പൂർത്തിയായാൽ മാത്രമേ വ്യക്തമാകൂവെന്ന് ഒരു പൈലറ്റ് പ്രതികരിച്ചു.
യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച് നേപ്പാൾ ജനതയോടൊപ്പം ഇന്ന് ഔദ്യോഗിക ദുഃഖാചരണം നടത്തി. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്കാൻ 45 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.
അപകടത്തിൽ മരിച്ച യു.പി സ്വദേശികളുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ നടുക്കുന്ന അവസാന സമയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താനുള്ള നാലുപേരുടെ മൃതദേഹങ്ങൾക്കായി ഇപ്പോഴും തിരിച്ചിൽ തുടരുകയാണ്.