കോട്ടയം-നടന്‍ ദിലീപ് തെറ്റ് ചെയ്തെന്ന് തോന്നുന്നില്ലെന്ന് നടി വീണ നായര്‍. സഹപ്രവര്‍ത്തകയ്ക്ക് സംഭവിച്ച ബുദ്ധിമുട്ടില്‍ വിഷമമുണ്ടെന്നും സത്യം പുറത്തുവരണമെന്നും ഒരു അഭിമുഖത്തില്‍ നടി കൂട്ടിച്ചേര്‍ത്തു. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചതിന്റെ അനുഭവവും വീണ പങ്കുവച്ചു. ചിത്രത്തിനകത്ത് ഞാന്‍ തിരിഞ്ഞു, തിരിഞ്ഞ് നോക്കി പോകുന്ന ഒരു ഷോട്ടുണ്ട്. അത് അങ്ങനെ ചെയ്യാന്‍ പറഞ്ഞുതന്നത് ദിലീപേട്ടനാണ്. എനിക്ക് അഭിനയിച്ച് കാണിച്ചും തന്നു. അങ്ങനെയുള്ളവരുടെ കൂടെ അഭിനയിച്ചാലെ നമ്മള്‍ ആക്ടിംഗ് കുറച്ചുകൂടി പഠിക്കത്തുള്ളൂ.
നമുക്ക് ഒരു അപകടം സംഭവിച്ചാല്‍ വിളിച്ചിട്ട് നീ ഓക്കെയല്ലേ എന്ന് ചോദിക്കുന്ന നടനാണ് അദ്ദേഹം. ദിലീപേട്ടനുമായി ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ അതൊക്കെ സത്യമാണോ അല്ലയോ എന്ന് ഇന്നുവരെ അറിയില്ല. പേഴ്‌സണലി പറയുകയാണെങ്കില്‍ അദ്ദേഹം എത്രമാത്രം നല്ലതാണെന്ന് എനിക്കറിയാം.
എന്റെ മുട്ടിന് സര്‍ജറി നടന്നായിരുന്നു. ആ സമയത്തൊക്കെ ആശുപത്രിയിലും മറ്റും ഞാന്‍ തനിച്ചായിരുന്നു. ഇതെങ്ങനെയോ അറിഞ്ഞ് ദിലീപേട്ടന്‍ എന്നെ വിളിച്ചു. നിനക്ക് സര്‍ജറിയാണെന്നറിഞ്ഞു, കുഴപ്പമൊന്നുമില്ലല്ലോ എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കണം കേട്ടോ എന്ന് പറഞ്ഞു. സര്‍ജറി കഴിഞ്ഞ് നാലാം ദിവസം വിളിച്ചു, അത് കഴിഞ്ഞ് മൂന്നാം ദിവസം വിളിച്ചു. ഇപ്പോഴും രണ്ടാഴ്ച മൂന്നാഴ്ച കൂടുമ്പോള്‍ വിളിക്കും. മോളേ നീ ഓക്കെയല്ലേ, കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെ ചോദിക്കും. എമര്‍ജന്‍സിയുണ്ടെങ്കില്‍ വിളിക്കണം കേട്ടോ, ചേട്ടനെപ്പോലെ നമ്മളിവിടെ കാണും എന്ന് പറയും.പിന്നെ മറ്റേ പ്രശ്‌നങ്ങളൊക്കെ നമുക്കറിയാം. നമ്മുടെ സഹപ്രവര്‍ത്തകയാക്ക് പറ്റിയ ബുദ്ധിമുട്ടില്‍ ഒത്തിരി വിഷമമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അതിന്റെ സത്യം പുറത്തുവരണം. സ്ത്രീയെന്ന രീതിയില്‍ ഞാനും അത് ആഗ്രഹിക്കുന്നു. പക്ഷേ നമുക്ക് പേഴ്‌സണലി അറിയുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.'- നടി വ്യക്തമാക്കി.