Sorry, you need to enable JavaScript to visit this website.

അഫ്ഗാനിൽ മുൻ എം.പിയെ വെടിവെച്ചുകൊന്നു, നിർഭയ പോരാളി

കാബൂൾ- അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അഫ്ഗാനിലെ മുൻ പാർലമെന്റംഗമായ വനിത നേതാവിനെയും അംഗരക്ഷകയെയും വെടിവെച്ചുകൊന്നു. തോക്കുധാരികൾ അവരുടെ വീട്ടിലെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അട്ടിമറിച്ച യു.എസ് പിന്തുണയുള്ള സർക്കാരിൽ അംഗമായിരുന്ന മുർസൽ നബിസാദയാണ് കൊല്ലപ്പെട്ടത്.  നബിസാദയും അവളുടെ ഒരു അംഗരക്ഷകനും വീട്ടിൽ വെടിയേറ്റ് മരിച്ചുവെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. സുരക്ഷാ സേന സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്കും ഞായറാഴ്ചക്കും ഇടയിൽ രാത്രിയിൽ നടന്ന ആക്രമണത്തിൽ മുൻ നിയമസഭാംഗത്തിന്റെ സഹോദരനും പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. നബിസാദ അഫ്ഗാനിസ്ഥാന്റെ നിർഭയ പോരാളിയായിരുന്നുവെന്ന് മുൻ പാർലമെന്റംഗം മറിയം സുലൈമാൻഖിൽ ട്വിറ്ററിൽ കുറിച്ചു. അപകടസമയത്ത് പോലും താൻ വിശ്വസിച്ചതിന് വേണ്ടി നിലകൊള്ളുന്ന ശക്തയായ, തുറന്നുപറയുന്ന സ്ത്രീയായിരുന്നു നബിസാദ. അഫ്ഗാനിസ്ഥാൻ വിടാനുള്ള അവസരം വാഗ്ദാനം ചെയ്തിട്ടും തന്റെ നാടിന് വേണ്ടി കാബൂളിൽ തുടരാൻ തീരുമാനിച്ചതായിരുന്നു നബിസാദ. കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ നിന്നുള്ള നബിസാദക്ക് 32 വയസായിരുന്നു. 2018 ൽ കാബൂളിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
'എനിക്ക് സങ്കടവും ദേഷ്യവുമുണ്ട്, ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു!' കൊലപാതകത്തോട് പ്രതികരിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം ഹന്ന ന്യൂമാൻ ട്വീറ്റ് ചെയ്തു.
 

Latest News