കൊച്ചി- യു.ഡി.എഫ് കൗൺസിലർമാരിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്ന തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
പരാതിയിൽ സെക്രട്ടറിയിൽ നിന്ന് ഇന്ന് മൊഴിയെടുക്കുന്ന പോലീസ് അടുത്ത ദിവസങ്ങളിൽ ചെയർപേഴ്സൻ അജിതാ തങ്കപ്പനടക്കമുള്ളവരെ ചോദ്യം ചെയ്യും.
ചെയർപേഴ്സൻ അജിത തങ്കപ്പൻ കാബിനിലേക്ക് വിളിച്ചുവരുത്തുകയും ഷാജി വാഴക്കാല അടക്കമുള്ള കൗൺസിലർമാർ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് നഗരസഭ സെക്രട്ടറി ബി.അനിൽ കുമാർ തൃക്കാക്കര പോലീസിനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും നൽകിയ പരാതിയിൽ പറയുന്നത്. കൗൺസിൽ എടുക്കുന്ന ക്രമവിരുദ്ധമായ തീരുമാനങ്ങളിൽ ഒപ്പിടാത്തതിനാലാണ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതെന്നും സെക്രട്ടറി പറയുന്നു.
ഒരേക്കറിൽ അധികം പുറമ്പോക്ക് ഭൂമി കയ്യേറിയ വൻകിട ഫഌറ്റ് നിർമാതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നിയമോപദേശം തേടാനുള്ള ഭരണസമിതി തീരുമാനം താൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് വിരോധത്തിന് കാരണം. വിവിധ പദ്ധതികളുടെ നടത്തിപ്പിലും ബില്ലുകളിലും ക്രമക്കേടുകളുണ്ട്. ഇക്കാര്യത്തിൽ ഫയൽ പരിശോധിക്കാതെ ഒപ്പിടാനാകില്ലെന്ന് താൻ നിലപാടെടുത്തിരുന്നുവെന്നും അനിൽ പറയുന്നു.
എന്നാൽ സെക്രട്ടറിയുടെ ആരോപണം ചെയർപേഴ്സൻ അജിത തങ്കപ്പൻ നിഷേധിച്ചു. പദ്ധതി വിഹിതം പെട്ടെന്ന് തന്നെ ചെലവഴിച്ചില്ലെങ്കിൽ ഫണ്ട് ലാപ്സാകുന്ന അവസ്ഥയുണ്ടെന്നും ഈ സാഹചര്യത്തിൽ ഫയലുകൾ നിസ്സാര കാരണം പറഞ്ഞ് തടയുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു. സെക്രട്ടറിയാണ് ചെയർപേഴ്സനോട് തട്ടിക്കയറിയതെന്ന് അതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ആരോപണവിധേയനായ കൗൺസിലർ ഷാജി വാഴക്കാല പറഞ്ഞു.
കോടികളുടെ നികുതി വരുമാനവും വൻ പദ്ധതി വിഹിതവുമുള്ളതാണ് തൃക്കാക്കര നഗരസഭ. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതാണ് സാമ്പത്തിക വർഷം കഴിയാറാകുമ്പോൾ ഫണ്ട് ലാപ്സാകുന്ന സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുന്നത്. പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങളിലൊന്നാണ് തൃക്കാക്കര. ഓണക്കിഴി വിവാദമടക്കം പല തീരുമാനങ്ങളിലും നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതി അന്വേഷണം നേരിടുന്നുണ്ട്.
അതേസമയം പോലീസിൽ പരാതി നൽകിയ സെക്രട്ടറിയെ ഭരണസമിതി പീഡിപ്പിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് പ്രതിഷേധ സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ മുതൽ നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷത്തെ 18 കൗൺസിലർമാർ കിടപ്പു സമരം നടത്തും.
ജീവന് ഭീഷണിയുണ്ടെന്ന സെക്രട്ടറി ബി. അനിൽകുമാറിന്റെ പരാതിയിൽ തൃക്കാക്കര പോലീസ് നാളെ മൊഴിയെടുക്കും. കൗൺസിലർ ഷാജി വാഴക്കാല അടക്കം മൂന്നുപേരിൽ നിന്ന് വധഭീഷണി ഉണ്ടെന്നാണ് സെക്രട്ടറി നൽകിയ പരാതി. സെക്രട്ടറിയെ ഉപയോഗിച്ച് പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ഭരണപക്ഷം ആരോപിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)