റിയാദ്- സൗദി അറേബ്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് നവംബറിലെ 2.9 ശതമാനത്തില്‍നിന്ന് ഡിസംബറില്‍ 3.3 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍. പ്രധാനമായും ഭവന വാടക ചെലവുകളാണ് വിലക്കയറ്റത്തിന് കാരണമായത്.
നവംബറിലെ 0.1 ശതമാനം പ്രതിമാസ വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബറില്‍ 0.3 ശതമാനം വര്‍ധനയുണ്ടായതായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
ഉപഭോക്തൃ ചെലവിന്റെ 25.5 ശതമാനം ഹൗസിംഗ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 5.9 ശതമാനം ഉയര്‍ന്ന നിരക്കാണിത്. നവംബറിനെ അപേക്ഷിച്ച് 0.9 ശതമാനം കൂടുതലും.
ഭവനങ്ങളുടെ യഥാര്‍ഥ വാടകയില്‍ 1.1 ശതമാനം വര്‍ധനയുണ്ടായതിന്റെ ഫലമായാണ് ഈ വര്‍ദ്ധനവ് ഉണ്ടായതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പറഞ്ഞു.
2022ന്റെ ഭൂരിഭാഗം സമയത്തും പണപ്പെരുപ്പത്തിന്റെ പ്രധാന ചാലകമായിരുന്ന ഭക്ഷ്യപാനീയ വിലകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 0.1 ശതമാനം ഇടിഞ്ഞു. എന്നാലും 2021 ഡിസംബറിനെ അപേക്ഷിച്ച് അവ ഇപ്പോഴും 4.2 ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.
'2021 നെ അപേക്ഷിച്ച് 2022 ലെ വാര്‍ഷിക ഉപഭോക്തൃ വിലസൂചിക 2.5 ശതമാനം വര്‍ധിച്ചു, ഇതിന് പ്രധാന കാരണം ഭക്ഷ്യപാനീയങ്ങളുടെ വിലയില്‍ 3.7 ശതമാനവും ഗതാഗത വിലയില്‍ 4.1 ശതമാനവും വര്‍ധിച്ചതാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രത്യേക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2022 ല്‍ ഹൗസിംഗ് വിഭാഗം 1.8 ശതമാനം ഉയര്‍ന്നു. പ്രധാനമായും പാര്‍പ്പിടത്തിനുള്ള യഥാര്‍ത്ഥ വാടകയില്‍ 2.0 ശതമാനം വര്‍ധനവുണ്ടായതാണ് കാരണമെന്ന് അതോറിറ്റി പറഞ്ഞു.
2022 അവസാനത്തോടെ ശരാശരി പണപ്പെരുപ്പ നിരക്ക് 2.6 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് 2023 ലെ ബജറ്റ് പ്രസ്താവനയില്‍ ധനമന്ത്രാലയം പറഞ്ഞിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)