ലഖ്‌നൗ-ട്രെയിന്‍ യാത്രയ്ക്കിടെ ജയ് ശ്രീറാം എന്ന് വിളിക്കാനാവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പിച്ചള വ്യാപാരിയായ മൊറാദാബാദ് സ്വദേശി അസിം ഹുസൈനെന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ദല്‍ഹിയില്‍ നിന്ന് മൊറാദാബാദിലേക്ക് പദ്മാവത് എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് ആക്രമിക്കപ്പെട്ടത്. ഹാപൂര്‍ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സംഘമാണ് ജയ് ശ്രീറാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചത്.
അക്രമികള്‍ യുവാവിന്റെ താടിയില്‍ പിടിച്ച് വലിച്ചാണ് 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനൊപ്പം യുവാവ് മോഷ്ടാവാണെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബോധരഹിതനാകുന്നതുവരെ തന്നെ അക്രമികള്‍ ബെല്‍റ്റ് കൊണ്ട് അടിച്ചതായി അസിം ഹുസൈന്‍ പറഞ്ഞു. വസ്ത്രങ്ങള്‍ വലിച്ചുകീറി. ട്രെയിനില്‍ യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നുവെങ്കിലും ആരും യുവാവിനെ സഹായിക്കാനെത്തിയില്ല.
സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെത്തിയ യുവാവ് ഭയം കാരണം ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അക്രമികളില്‍ രണ്ടുപേരെ പോലീസ് ബറേലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.