ടെഹ്‌റാൻ- ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറാനിൽ മുൻ ഉപ പ്രതിരോധ മന്ത്രിയെ തൂക്കിലേറ്റി. ബ്രിട്ടീഷ്-ഇറാൻ പൗരനായ അലി റാസ അക്ബറിയെയാണ് വധിച്ചത്. വധശിക്ഷ നടപ്പാക്കരുതെന്ന രാജ്യാന്തര സമൂഹത്തിന്റെ ആവശ്യം അവഗണിച്ചാണ് ഇറാന്റെ നടപടി. സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തുന്ന ക്രൂരവും ഭീരുത്വവും നിറഞ്ഞ പ്രവൃത്തിയാണിതെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി.
ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി ശനിയാഴ്ച പുലർച്ചെയാണ് വധശിക്ഷ റിപ്പോർട്ട് ചെയ്തത്. എന്നാൽ എവിടെ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നോ മറ്റു വിശദാംശങ്ങളെ വെളിപ്പെടുത്തിയിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ വധശിക്ഷ സംബന്ധിച്ച് ഇറാന്റെ ചുമതലയുള്ളവരെ പാരീസിൽ വിളിച്ചുവരുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഉത്തരം നൽകാതെ ഇറാന് മുന്നോട്ടുപോകാനാകില്ലെന്നും ഫ്രാൻസ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലിറാസ അക്ബരി, ബ്രിട്ടീഷ് ഗവൺമെന്റിന്റെ രഹസ്യാന്വേഷണ സേവനത്തിനായി ചാരവൃത്തിയിലൂടെ രാജ്യത്തിന്റെ ആഭ്യന്തര, ബാഹ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതായി ഇറാൻ വ്യക്തമാക്കി. 2019ൽ അറസ്റ്റിലായ അക്ബരി ചാരവൃത്തിക്ക് 1,805,000 യൂറോ, 265,000 പൗണ്ട്, 50,000 ഡോളർ എന്നിവ കൈപ്പറ്റിയതായി ഇറാൻ കുറ്റപ്പെടുത്തി.
വധശിക്ഷയിൽ താൻ ഞെട്ടിപ്പോയെന്ന് സുനക് ട്വിറ്ററിൽ കുറിച്ചു. ഇറാൻ നടപടികളിലുള്ള ഞങ്ങളുടെ വെറുപ്പ് വ്യക്തമാക്കാൻ ഞങ്ങൾ ഇറാനിയൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിക്കുമെന്നും ഋഷി സുനക് പറഞ്ഞു.
അക്ബരിയുടെ വധശിക്ഷ വെറുപ്പുളവാക്കുന്നതാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇറാനിയൻ വിഭാഗം ശനിയാഴ്ച പറഞ്ഞു.
ഇറാൻ അധികാരികൾ ഇന്ന് രാവിലെ നടപ്പാക്കിയ വധശിക്ഷ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള അവരുടെ വെറുപ്പുളവാക്കുന്ന ആക്രമണം വീണ്ടും കാണിക്കുകയാണ്.
പരിഷ്‌കരണവാദിയായ പ്രസിഡന്റ് മുഹമ്മദ് ഖതാമിയുടെ ഭരണത്തിൽ അക്ബരി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്നു. 1997 മുതൽ 2005 വരെ പ്രതിരോധ മന്ത്രിയായിരുന്ന, ഇപ്പോൾ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി അലി ഷംഖാനിയുടെ അടുത്ത ആളായിരുന്നു അക്ബരി.