തൃശൂര്‍-പൊതുജനങ്ങളില്‍നിന്ന് തട്ടിയെടുത്ത പണം പ്രവീണ്‍ റാണ എന്തുചെയ്തു എന്ന് അറിയുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കമ്മീഷണര്‍ അങ്കിത് അശോകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മുപ്പത്തി ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തൃശ്ശൂര്‍ സിറ്റിയിലെ തൃശ്ശൂര്‍ ഈസ്റ്റ്, തൃശ്ശൂര്‍ വെസ്റ്റ്, വിയ്യൂര്‍, കുന്ദംകുളം എന്നീ സ്‌റ്റേഷനുകളിലാണ് ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടുകോടിയിലേറെ രൂപ പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ടുവെന്ന് കമ്മീഷണര്‍ അറിയിച്ചു.
പ്രവീണ്‍ റാണ വിവിധ സ്ഥലങ്ങളിലായി വിവിധ പേരുകളില്‍ പത്തോളം കമ്പനികള്‍ തട്ടിപ്പിനായും ജനങ്ങളുടെ വിശ്വാസം നേടുന്നതിനായും നടത്തിയിരുന്നുവെന്ന് കമ്മീഷണര്‍ വിശദീകരിച്ചു. അവയെല്ലാം സേഫ് ആന്‍ഡ് സ്‌ട്രോങ്ങിന്റെ പേരില്‍ തന്നെയായിരുന്നു.
സ്വന്തം പേര് ജനങ്ങള്‍ക്കിടയില്‍ ജനകീയമാക്കുക എന്നതും അതുവഴി വിശ്വാസ്യത നേടിയെടുക്കുക എന്നതുമായിരുന്നു ലക്ഷ്യമെന്ന് കമ്മീഷണര്‍ പറഞ്ഞു.
കെ പി പ്രവീണ്‍ എന്ന പേര് പ്രവീണ്‍ റാണ എന്നാക്കി മാറ്റിയത് ബിസിനസ്സില്‍ സ്വന്തം ഇമേജ് സൃഷ്ടിക്കുന്നതിനും, ആളുകളെ ആകര്‍ഷിക്കുന്നതിനും ആണെന്നാണ് ഇയാള്‍ പറഞ്ഞത്. പണം മുടക്കി വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നും രണ്ട് ഡോക്ടറേറ്റുകളും ഇയാള്‍ കരസ്ഥമാക്കി. പത്തു ലക്ഷത്തോളം രൂപ മുടക്കി കസാഖിസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും, അഞ്ചുലക്ഷം രൂപ മുടക്കി ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംബിഎ എടുത്തിട്ടുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
പ്രവീണ്‍ റാണ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും വിവിധ ഇലക്ഷനുകളില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്തിട്ടുണ്ട്. റോയല്‍ ഇന്ത്യ പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് ഇയാള്‍ പാര്‍ട്ടി രൂപീകരിച്ചത്.
പരാതികള്‍ വന്നതിനെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇരുപതോളം റെയ്ഡുകള്‍ നടത്തി വിവിധ രേഖകള്‍ പിടിച്ചെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)