Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാന്‍ നിലവിലെ രീതി തുടരണമെന്ന് കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍

ന്യൂദല്‍ഹി-ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിച്ചു വിജ്ഞാപനം ചെയ്യുന്നതിന് നിലവിലെ രീതികള്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് കേരളം ഉള്‍പ്പടെ പത്തു സംസ്ഥാനങ്ങള്‍ അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചറിയുന്നിതില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.
    കോടതി നിര്‍ദേശം അനുസരിച്ച് 24 സംസ്ഥാനങ്ങളും ആറു കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. അരുണാചല്‍ പ്രദേശ്, ജമ്മു കാഷ്മീര്‍, ലക്ഷദ്വീപ്, രാജസ്ഥാന്‍, തെലുങ്കാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാനില്ല എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം. കേന്ദ്ര നിയമ കൂടിയാലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണിതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ജില്ലാ തലത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ടെത്തി നിശ്ചയിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. ഇതേ അഭിപ്രായം തന്നെയാണ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും മുന്നോട്ടു വെച്ചത്.
    സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഇക്കാര്യത്തില്‍ അവകാശം എന്നായിരുന്നു പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍്ക്കാരുകളുടെ പ്രതികരണം. ഒരു പ്രത്യേക സ്ഥലത്തെ ജനസംഖ്യയുടെ ആനുപാതികമായല്ല മതപരമായ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കേണ്ടത് എന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതികരണം. കേരളം, നാഗാലാന്‍ഡ്, ബിഹാര്‍, ഗുജറാത്ത്,  മധ്യപ്രദേശ്, ഒഡീഷ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മതന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നതിന് നിലവിലെ രീതി തുടരണം എന്ന് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ 2004 ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെയും, 1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ന്യൂനപക്ഷ നിര്‍ണയം നടത്തണമെന്നാണ് കേരളം അറിയിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
    2004 ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെ 2 (എഫ്) വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ മത വിഭാഗങ്ങളെ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കേണ്ടത്. ഇത് അനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജെയിന്‍ മത വിഭാഗങ്ങളെ ന്യൂനപക്ഷ മത വിഭാഗങ്ങളായി കേന്ദ്രം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതേസമയം ടിഎംഎ പൈ കേസില്‍ സുപ്രീം കോടതിയുടെ പതിനൊന്ന് അംഗ ഭരണഘടന ബെഞ്ച് സംസ്ഥാന അടിസ്ഥാനത്തില്‍ ആണ് മത, ഭാഷ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കേണ്ടത് എന്ന് വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
    

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News