കണ്ണൂര്‍- കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ച ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വധശ്രമ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ച കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ രാത്രിയാണ് മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
2009 ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി.) പ്രവര്‍ത്തകരായ മുഹമ്മദ് ഫൈസലും കൂട്ടരും പി.മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നാണ് കേസിലാണ് കവറത്തി കോടതി പത്തു വര്‍ഷതടവുശിക്ഷ വിധിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം.സഈദിന്റെ മകളുടെ ഭര്‍ത്താവാണ് ആക്രമണത്തിനിരയായ മുഹമ്മദ് സാലിഹ്.
കഴിഞ്ഞ രാത്രി കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററിലാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. മുഹമ്മദ് ഫൈസലിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ജയില്‍ കവാടത്തില്‍ എന്‍.സി.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. വന്‍ സുരക്ഷയാണ് പോലീസ് ഇവിടെ ഒരുക്കിയത്. രാത്രി തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി എം.പി. ഉള്‍പ്പെടെയുള്ളവരെ ബ്ലോക്കിലേക്ക് മാറ്റി.
ജയിലില്‍ പ്രത്യേക പരിഗണനയുണ്ടാകി ല്ലെന്നും ജയില്‍ ഭക്ഷണം തന്നെയാണ് നല്‍കുന്നതെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 2014 മുതല്‍ ലോക്‌സഭയില്‍ ലക്ഷദ്വീപിനെ പ്രതിനിധാനം ചെയ്യുന്ന മുഹമ്മദ് ഫൈസലിന്റെ പേരില്‍ സി.ബി.ഐ.യും
കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലക്ഷദ്വീപിലെ ചൂരമീന്‍ കയറ്റുമതിയിലാണ് സി.ബി.ഐ. ദല്‍ഹി യൂണിറ്റ് ഇക്കഴിഞ്ഞ ജൂലായില്‍ എം.പി. യുടെയും മരുമകന്‍ അബ്ദുള്‍ റസാഖിന്റെ യും മറ്റ് മൂന്നാളുകളുടെയും പേരില്‍ കേസെടുത്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)