Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ 3.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്

റിയാദ് - സൗദി അറേബ്യയിൽ ഈ വർഷം സാമ്പത്തിക വളർച്ച 3.7 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് റിപ്പോർട്ട് പറഞ്ഞു. സൗദി അറേബ്യ ഈ കൊല്ലം 3.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ലോക ബാങ്ക് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. മധ്യപൗരസ്ത്യ ദേശത്ത് ഈ വർഷം ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച ജിബൂത്തിയിലാകും. ജിബൂത്തി 5.3 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഈജിപ്ത് 4.5 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഇറാഖ് 4 ശതമാനവും നാലാം സ്ഥാനത്തുള്ള ഒമാൻ 3.9 ശതമാനവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 8.3 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി ലോക ബാങ്ക് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിച്ച ജി-20 രാജ്യം സൗദി അറേബ്യയാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 6.9 ഉം മൂന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയും അർജന്റീനയും 5.2 ശതമാനം വീതവും സാമ്പത്തിക വളർച്ച കഴിഞ്ഞ വർഷം കൈവരിച്ചതായാണ് കണക്കാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയത് കുവൈത്തിലാണ്. 
കുവൈത്തിൽ സാമ്പത്തിക വളർച്ച 8.5 ശതമാനമായിരുന്നു എന്നാണ് കണക്കാക്കുന്നത്. അറബ് ലോകത്തും മധ്യപൗരസ്ത്യ ദേശത്തും ഉത്തരാഫ്രിക്കയിലും ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. 
ഒന്നാം സ്ഥാനത്ത് ഇറാഖ് ആണ്. ഇറാഖിൽ 8.7 ശതമാനമാണ് സാമ്പത്തിക വളർച്ച. കുവൈത്ത് ആണ് രണ്ടാം സ്ഥാനത്ത്. 
ഇറാഖിനും കുവൈത്തിനും സൗദിക്കും പിന്നിൽ ഈജിപ്തും യു.എ.ഇയുമാണ്. ഈജിപ്ത് കഴിഞ്ഞ വർഷം 6.6 ശതമാനവും യു.എ.ഇ 5.9 ശതമാനവും സാമ്പത്തിക വളർച്ച കൈവരിച്ചു. ലെബനോൻ 5.4 ശതമാനവും സിറിയ 3.5 ശതമാനവും സാമ്പത്തിക ശോഷണം നേരിട്ടു. കഴിഞ്ഞ കൊല്ലം 8.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായാണ് സൗദി ഗവൺമെന്റ് കണക്കാക്കുന്നത്. ലോക ബാങ്ക് കണക്കാക്കുന്ന സാമ്പത്തിക വളർച്ച ഏറെക്കുറെ ഇതിന് സമാനമാണ്. കൊറോണ മഹാമാരി പ്രത്യാഘാതങ്ങളിൽ നിന്ന് വേഗത്തിൽ കരകയറിയതിന്റെ ഫലമായി പെട്രോളിതര മേഖലയിൽ രേഖപ്പെടുത്തിയ വലിയ വളർച്ചയും എണ്ണയുൽപാദന വർധനയും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാൻ സൗദി അറേബ്യയെ സഹായിച്ചു. 
പതിനൊന്നു വർഷത്തിനിടെ സൗദി അറേബ്യ കൈവരിക്കുന്ന ഏറ്റവും വലിയ വളർച്ചയാണ് കഴിഞ്ഞ കൊല്ലത്തേത്. ഇതിനു മുമ്പ് 2011 ൽ പത്തു ശതമാനം സാമ്പത്തിക വളർച്ച നേടിയിരുന്നു. പത്തൊമ്പതു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ കൊല്ലത്തേത്. 2003 ൽ 11.2 ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരുന്നു. ഈ വർഷം 3.1 ശതമാനവും അടുത്ത കൊല്ലം 5.7 ശതമാനവും 2025 ൽ 4.5 ശതമാനവും സാമ്പത്തിക വളർച്ചയാണ് സൗദി ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.ഈ കൊല്ലം ആഗോള തലത്തിൽ സാമ്പത്തിക വളർച്ച 1.7 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക് പ്രതീക്ഷിക്കുന്നു. 
2009 ലും 2020 ലും രേഖപ്പെടുത്തിയ സാമ്പത്തിക മാന്ദ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ മൂന്നു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചയാണിത്. 

Tags

Latest News