മുംബൈ-വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയും നര്‍ത്തകിയുമായ രാഖി സാവന്ത്, ആദില്‍ ഖാന്‍ ദുറാനി എന്ന യുവാവുമായുള്ള വിവാഹത്തിന് ശേഷം പേര് മാറ്റിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമാണ് ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. അതില്‍ രാഖി സാവന്ത് ഫാത്തിമ എന്നായിരുന്നു പേര് നല്‍കിയിരുന്നത്. ആദിലിന്റെ കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറാന്‍ തയ്യാറാണെന്ന് രാഖി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ബിഗ് ബോസ് താരമായ രാഖിയുടെ പ്രണയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒരു പ്രവാസിയുമായി രാഖിയുടെ ആദ്യ വിവാഹം. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിവാഹമോചന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് രാഖിയും ആദിലും രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും രേഖകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ദേശീയ മാദ്ധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു.
മൈസുരു സ്വദേശിയായ ആദിലും രാഖിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 'എന്റെ പ്രണയം, എന്റെ ജീവിതം' എന്ന കുറിപ്പോടെ ആദിലിനൊപ്പമുള്ള വീഡിയോ രാഖി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കൂടാതെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും ആരാധകര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
43 വയസുകാരിയായ രാഖിയേക്കാള്‍ ആറു വയസ് കുറവാണ് ആദിലിന്. അര്‍ജുന്‍ കപൂര്‍-മലൈക അറോറ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് പ്രണയം പോലെയാണ് തങ്ങളുടെ ബന്ധമെന്ന് ആദില്‍ പറഞ്ഞതായും ഒരു അഭിമുഖത്തില്‍ രാഖി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ട്. എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നുന്നില്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും അതിന് ഇതുവരെ നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കമെന്നാണ് പ്രതീക്ഷ.