ന്യൂയോർക്ക്- സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മണിക്കൂറുകളോളം സ്തംഭിച്ച യു.എസ് വിമാനങ്ങൾ സാവധാനത്തിൽ സാധാരണ നിലയിലേക്ക്. അമേരിക്കയിൽനിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങളും ബുധനാഴ്ച രാത്രി പൂർണമായും നിർത്തിവെച്ചിരുന്നു. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) എയർ മിഷൻ സിസ്റ്റത്തിലാണ് (എൻ.ഒ.ടി.എ.എം) തകരാർ കണ്ടെത്തിയത്. പൈലറ്റുമാർക്ക് വിവരങ്ങളും നിർദേശങ്ങളും നൽകുന്ന സംവിധാനത്തിൽ തകരാറ് സംഭവിച്ചത് അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു.പൈലറ്റുമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധമാണ് സാങ്കേതിക തടസ്സം നേരിട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.5400 വിമാനങ്ങളെ തകരാർ പ്രതികൂലമായി ബാധിച്ചു. ആയിരത്തോളം സർവീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങൾ വൈകിപ്പിച്ച പൈലറ്റ് ലേർട്ടിംഗ് സംവിധാനത്തിലെ പ്രശ്‌നത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ സൈബർ ആക്രമണത്തിന്റെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാന ജീവനക്കാർക്ക് സുരക്ഷാ വിവരങ്ങൾ നൽകുന്ന നോട്ടീസ് ടു എയർ മിഷൻസ് സംവിധാനം ഒറ്റരാത്രികൊണ്ടാണ് തടസപ്പെട്ടത്. വെള്ളിയാഴ്ച വരെയുള്ള സർവീസിനെ തകരാർ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പൈലറ്റ് അലേർട്ടിംഗ് സംവിധാനം തകരാറിലായതിനെ തുടർന്ന് പുലർച്ചെ രണ്ടു മണിയോടെ എല്ലാ ആഭ്യന്തര പുറപ്പെടലുകളും താൽക്കാലികമായി നിർത്താൻ ഉത്തരവിട്ടിരുന്നു. നേരത്തെ തന്നെ ആകാശത്ത് ഉണ്ടായിരുന്ന വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് തുടരാൻ അനുമതി നൽകി. സംഭവത്തിൽ അന്വേഷണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു.