വിശുദ്ധ റമദാനിലായാലും ഭക്ഷണത്തിന് രുചി കുറഞ്ഞാല്‍ ഭര്‍ത്താവ് കയര്‍ക്കുമെന്ന് ഭയപ്പെടുന്നവരുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചി നോക്കി ഉറപ്പുവരുത്തുന്നത് നോമ്പ് നഷ്ടപ്പെടുത്തുമോ എന്ന് സംശയിക്കുന്ന സ്ത്രീകള്‍ വിരളമല്ല. ഭര്‍ത്താവിന്റെ ദേഷ്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഭക്ഷണത്തിന്റെ രുചി നോക്കുന്നതു പോലെ കുഞ്ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുമ്പോഴും സ്ത്രീകള്‍ ഭക്ഷണം രുചിച്ചുനോക്കും. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ അതിന്റെ ചൂട് നോക്കാനും ഇങ്ങനെ ചെയ്യാറുണ്ട്.
ഭക്ഷിക്കലും രുചി നോക്കലും രണ്ടാണെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ആദില്‍ സലാഹി നല്‍കിയ മറുപടി. രണ്ടും വെവ്വേറെ തന്നെ കാണണം.
രുചി നിര്‍ണയിക്കാന്‍ ഒരു സ്പൂണിലുള്ളത് മുഴുവന്‍ വായക്കകത്താക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടതില്ല. പാകം ചെയ്യുന്ന ഭക്ഷണത്തില്‍നിന്ന് ഒരു സ്പൂണിലെടുത്ത് ഒരാള്‍ ചവച്ചിറക്കുകയാണെങ്കില്‍ നോമ്പ് നഷ്ടപ്പെടുത്തകയാണെന്ന കാര്യത്തില്‍ സംശയവുമില്ല. ഭര്‍ത്താവിന്റെ ദേഷ്യം ഒഴിവാക്കാനോ പ്രീതിപ്പെടുത്താനോ എന്തിന്റെ പേരിലായാലും ഇക്കാര്യത്തില്‍ വിധി ഒന്നു തന്നെയാണ്. വ്രതത്തില്‍ നിഷിദ്ധമായ ഭക്ഷിക്കലാണ് ഇക്കാര്യത്തില്‍ അവര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, രുചി അറിയാന്‍ അതില്‍നിന്ന് കുറച്ച് കഴിക്കേണ്ട ആവശ്യമേയില്ല. നാവിന്റെ തുമ്പത്ത് വെച്ചുനോക്കിയാല്‍ തന്നെ രുചി അറിയാന്‍ സാധിക്കും. ഒരു സ്ത്രീ പാചകം ചെയ്യുമ്പോള്‍ രുചി അറിയുന്നതിനായി നാവില്‍ വെക്കുകയും അത് തൊണ്ടയിലേക്ക് പോകാതെയും ഇറക്കാതെയും സൂക്ഷിച്ചാല്‍ അവരുടെ വ്രതം സാധുവാണ്.
എന്നാല്‍ യഥാര്‍ഥത്തില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ചെയ്യാവൂ എന്ന് പണ്ഡിതന്മാര്‍ക്ക് ഒരേ അഭിപ്രായമാണ്. ഭക്ഷണം നന്നായില്ലെങ്കില്‍ കുഴപ്പക്കാരാനാകുന്ന ഭര്‍ത്താവാണെങ്കില്‍ രുചി നോക്കുക ആവശ്യം തന്നെയാണ്. നോമ്പ് കാലത്തെ പാചകത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ സ്ത്രീകള്‍ ശ്രമിക്കുകയും വേണം.
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് വിധി. കൃത്യമായ തോത് നോക്കി പാകം ചെയ്യുന്നവരാണെങ്കില്‍ അതിന്റെ ഉപ്പും മധുരവുമൊന്നും രുചിച്ച് നോക്കേണ്ടി വരില്ല. കുഞ്ഞിനു കൊടുക്കാവുന്ന ചൂടാണോ എന്നു നോക്കാനും രുചിക്കേണ്ടതില്ല. ഒരാളുടെ കൈയില്‍ തട്ടിച്ചാല്‍ തന്നെ ചൂടറിയാം. ആദ്യം പറഞ്ഞതുപോലെയാണ് രുചി നോക്കുന്നതെങ്കില്‍ നോമ്പ് നഷ്ടപ്പെടില്ല. നാവ് കൊണ്ടാണോ തൊണ്ടയിലിറങ്ങിയ ശേഷമാണ് രൂചി അറിയുന്നതെന്നാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ട കാര്യം.