ന്യൂദല്‍ഹി-കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിന്റെ വാദം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണമെന്ന് വിചാരണക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. ആശിഷ് മിശ്ര മുഖ്യ പ്രതിയായ കേസില്‍ കഴിഞ്ഞ ഡിസംബറില്‍ വിചാരണ കോടതിയോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ആശിഷ് മിശ്ര ഉള്‍പ്പടെ 14 പേര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ 208 സാക്ഷികളുണ്ട്. 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമുണ്ട്. അതിനാല്‍ വാദം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം എടുക്കുമെന്ന് വിചാരണക്കോടതിയുടെ റിപ്പോര്‍ട്ട് ജസ്റ്റിസുമാരായ സൂര്യകാന്ത്, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് വായിച്ചു. സാക്ഷികളുടെ പ്രതിദിന വിസ്താരം നടത്തണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്ന് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് പുറമേ ബിജെപി നേതാവും ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ് നടന്നിട്ടുണ്ടോ ഉത്തര്‍ പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് കോടതി ആരാഞ്ഞു. ആ കേസിന്റെ കൂടി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കര്‍ഷകര്‍ തിരിച്ചു നടത്തിയ ആക്രമണത്തിലാണ് ഒരു ഡ്രൈവറും മറ്റു രണ്ട് പേരും കൊല്ലപ്പെട്ടത്. പ്രതിദിന വിചാരണയ്ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. പക്ഷേ, ഈ കേസില്‍ പ്രതിദിന വിചാരണയുടെ ആവശ്യമുണ്ടെന്ന് തന്നെ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചത്്. മാത്രമല്ല പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമാണ്. ഈ സാഹചര്യത്തില്‍ പ്രതിദിന സാക്ഷി വിസ്താരം തന്നെ നടക്കണം. സാക്ഷികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ആരോപണങ്ങളെ ആശിഷ് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റൊഹ്തഗി എതിര്‍ത്തു. തങ്ങള്‍ ജാമ്യത്തിന് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ആശിഷ് മിശ്രയുടെ ജീപ്പ് ആക്രമിക്കപ്പെട്ട കേസാണ് ഇപ്പോള്‍ കോടതിയുടെ മുന്നിലുള്ളതെന്നും വ്യക്തമാക്കി
എന്നാല്‍, പ്രിദന ദിന സാക്ഷി വിചാരണ നടത്തണമെന്നും ആദ്യം തന്നെ മറ്റു തെളിവുകള്‍ പരിശോധിക്കണമെന്നും വിചാരണ കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് ഭൂഷന്‍ ആവശ്യപ്പെട്ടു. പ്രതി ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തെളിവ് നശിപ്പിക്കപ്പെടാനുള്ള സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. മുഖ്യ വാദം നടത്തേണ്ട അഭിഭാഷകന്‍ ദുഷ്യന്ത് ദവേയ്ക്ക് സുഖമില്ലാത്തത് കൊണ്ട് വാദം കേള്‍ക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ടു. കേസ് അടുത്ത 19ന് വീണ്ടും പരിഗണിക്കും. പ്രതികള്‍ കസ്റ്റഡിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പിക്കണമെന്ന് ഉത്തര്‍ പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശവും നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)