ന്യൂദല്‍ഹി- വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ 2020 ല്‍നടന്ന കലാപത്തിന് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ധനസഹായം നല്‍കിയെന്ന് മുന്‍ എം.ഡി.സി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയാണ് ബുധനാഴ്ച കുറ്റം ചുമത്തിയത്. കുറ്റം സമ്മതിക്കാത്ത അദ്ദേഹം വിചാരണ നടത്തണമെന്ന ആവശ്യം ഉന്നയിച്ചു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്താണ് കുറ്റം ചുമത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും താഹിര്‍ ഹുസൈന്‍ വാദിച്ചു. ഫെബ്രുവരി പത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്പിപി) നവീന്‍ കുമാര്‍ മട്ട, ഫൈസാന്‍ എന്നിവര്‍ ഹാജരായി. താഹിറിന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റം ചുമത്താനുള്ള ട്രയല്‍ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹുസൈന്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. താഹിര്‍ ഹുസൈന്‍ തന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ ചില കമ്പനികളുടെ അക്കൗണ്ടില്‍നിന്ന് വ്യാജ ഇടപാടുകളിലൂടെ പണം കൈമാറിയെന്ന് ആരോപിച്ച് ഹുസൈനെതിരെ കുറ്റം ചുമത്താന്‍ നേരത്തെ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
ഇതേ കേസില്‍ ഹുസൈന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി അക്രമവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നേരിടുന്ന പ്രതിയാണ് ഹുസൈന്‍.
കലാപത്തിന് പണം നല്‍കിയെന്നാരോപിച്ച് ഇഡി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)