ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന സൗരവ് ഗാംഗുലിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ് ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍ ഹൗസ്. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡിന്റെ ഭാഗമാണ് ആള്‍ട്ട് ബാലാജി. ജ•ദേശമായ കൊല്‍ക്കത്തയിലെ ബീരന്‍ റോയ് റോഡില്‍ നിന്നും ലോര്‍ഡ്‌സ് വരെയുള്ള യാത്രയായിരുന്നു ഗാംഗുലി തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിരുന്നത്. 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ദാദ തന്റെ ഷര്‍ട്ട് ഊരി കറക്കിയതുള്‍പ്പെടെയെല്ലാം ചരിത്രത്തില്‍ ഇടം നേടിയവയായിരുന്നു. 1983ലെ കിരീട നേട്ടത്തിനു ശേഷം 2003ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ചത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി മികവുകൊണ്ടായിരുന്നു.
സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പ്രൊഡക്ഷന്‍ ഹൗസ് മുംബൈയില്‍ വെച്ച് ഗാംഗുലിയുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. തന്റെ ജീവിതം സിനിമയാകുമ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരാള്‍ സംവിധായകനായി ഉണ്ടാകണമെന്നാണ് ഗാംഗുലിയുടെ ആഗ്രഹമെന്നും, എന്നാല്‍ ഏക്തയ്ക്കു താല്‍പ്പര്യം മുംബൈയില്‍ നിന്നുള്ള സംവിധായനകനെയാണെന്നും അറിയുന്നു. ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരത്തിന്റെ ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ ആരാധകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.