ന്യൂദൽഹി - വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി നല്‍കിയത്.
ഹൃദയസ്തംഭനത്തിനിടെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന അതേ വേദനയാണ് ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ പഠനം ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം വേദന ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നു. ഇവിപണന്‍, സൊമാറ്റൊ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ലൈമൈബിസ്, ഗോസൂപ്പ് എന്നീ കമ്പനികള്‍ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.
പൊതുസ്ഥലങ്ങളില്‍ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2018 ല്‍ പാര്‍ലമെന്റില്‍ ശശി തരൂര്‍ അവതരിപ്പിച്ച വിമണ്‍സ് സെക്ഷ്വല്‍, റീപ്രൊഡക്ടീവ് ആന്റ് മെന്‍സ്ട്രല്‍ റൈറ്റ്‌സ് ബില്ലിനെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം അവതരിപ്പിച്ച 2017 മെന്‍സ്‌ട്രേഷന്‍ ബെനഫിറ്റ്‌സ് ബില്ലിനെക്കുറിച്ചും ഹരജിയില്‍ പറയുന്നു. പാര്‍ലമെന്റ് ബില്ലിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും ഇത് ആര്‍ത്തവ അവധിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഹരജിയില്‍ പറയുന്നു.
യുണൈറ്റഡ് കിംഗ്ഡം, വെയില്‍സ്, ചൈന, ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സാംബിയ എന്നിവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ആര്‍ത്തവം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഫയലില്‍ സ്വീകരിച്ച ദല്‍ഹി ഹൈക്കോടതി ആവശ്യം പരിഗണിക്കാന്‍ കേന്ദ്രത്തോടും ദല്‍ഹി സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു.