റിയാദ് - അന്നസ്ര്‍ ക്ലബ്ബില്‍ ചേര്‍ന്നതിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 40 കോടിയിലേറെ യൂറോ ലഭിക്കുമെന്ന് അന്നസ്ര്‍ ക്ലബ്ബുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 2025 വരെ അന്നസ്ര്‍ ക്ലബ്ബിനു വേണ്ടി കളിക്കുന്നതിലൂടെ 20 കോടിയിലേറെ യൂറോയും 2030 ലോകകപ്പിന് ഈജിപ്തുമായും ഗ്രീസുമായും ചേര്‍ന്ന് സംയുക്ത ആതിഥേയത്വം വഹിക്കാനുള്ള സൗദി ഫയലിന്റെ അംബാസഡറായി പ്രവര്‍ത്തിക്കുന്നതിന് 20 കോടി യൂറോയും റൊണാള്‍ഡോക്ക് ലഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
എന്തു വിലകൊടുത്തും മെസ്സിയെ സൗദിയില്‍ എത്തിക്കാനൊരുങ്ങി അല്‍ ഹിലാല്‍
റിയാദ് - ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അന്നസ്ര്‍ ക്ലബ്ബ് സ്വന്തമാക്കിയിരിക്കെ എന്തു വില കൊടുത്തും മെസ്സിയെ തങ്ങളുടെ നിരയിലെത്തിക്കാന്‍ ഒരുങ്ങി അല്‍ഹിലാല്‍ ക്ലബ്ബ്. ഈ വര്‍ഷം വേനല്‍ക്കാലത്ത് മെസ്സിയുമായി അല്‍ഹിലാല്‍ ക്ലബ്ബ് ഗൗരവമേറിയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് അര്‍ജന്റീന ചാനലായ ടി.വൈ.സിയും മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച് ക്ലബ്ബ് ആയ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന അര്‍ജന്റീന താരം മെസ്സിക്ക് അല്‍ഹിലാല്‍ 30 കോടി യൂറോ വാഗ്ദാനം ചെയ്യുന്നതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ദിയാബ് വെളിപ്പെടുത്തിയിരുന്നു. ചര്‍ച്ചകള്‍ മുറുകുന്നതിനനുസരിച്ച് മെസ്സിക്ക് അല്‍ഹിലാല്‍ ക്ലബ്ബ് 400 കോടി യൂറോ വരെ വാഗ്ദാനം ചെയ്‌തേക്കും. അല്‍ഹിലാല്‍ ക്ലബ്ബിന്റെ ഓഫര്‍ ഭാവിയില്‍ മെസ്സി സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഖാലിദ് അല്‍ദിയാബ് പറയുന്നു.
റിയാദ് കപ്പ്: ടിക്കറ്റ് ആവശ്യം 20 ലക്ഷം കവിഞ്ഞു
റിയാദ് - ഈ വര്‍ഷത്തെ റിയാദ് സീസണിന്റെ ഭാഗമായി റിയാദ് കപ്പിനു വേണ്ടി ഈ മാസം 19 ന് നടക്കുന്ന സ്വപ്‌ന മത്സരത്തിനുള്ള ടിക്കറ്റ് ആവശ്യം 20 ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. സൗദിയിലെ അല്‍ഹിലാല്‍, അന്നസ്ര്‍ ക്ലബ്ബുകളിലെ മികച്ച താരങ്ങള്‍ ഒരു ടീമായും ഫ്രഞ്ച് ക്ലബ്ബ് ആയ പാരിസ് സെന്റ് ജെര്‍മെയ്‌നും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചതോടെ സര്‍വകാല ആവശ്യമാണ് ടിക്കറ്റുകള്‍ക്ക് ലഭിച്ചത്. ടിക്കറ്റുകള്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ടിക്കറ്റ് ആവശ്യം 20 ലക്ഷത്തിലേറെയായി ഉയര്‍ന്നു. 70,000 സീറ്റുകളുള്ള റിയാദ് കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 19 ന് രാത്രി എട്ടു മണിക്കാണ് സ്വപ്‌ന മത്സരം നടക്കുക.
ടിക്കറ്റുകള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത നിലക്കുള്ള വലിയ ആവശ്യമാണ് ഫുട്‌ബോള്‍ പ്രേമികളില്‍ നിന്ന് ലഭിക്കുന്നത്. മത്സരം നേരിട്ട് വീക്ഷിക്കാന്‍ ആഗ്രഹിച്ച് 170 രാജ്യങ്ങലില്‍ നിന്നുള്ള 20 ലക്ഷത്തിലേറെ പേര്‍ ടിക്കറ്റുകള്‍ക്ക് രംഗത്തെത്തി. ഓരോ സെക്കന്റിലും 15,000 ലേറെ ടിക്കറ്റുകള്‍ക്ക് വീതം ആവശ്യം ലഭിച്ചു. പുറത്തിറക്കുന്ന ടിക്കറ്റുകളെല്ലാം വളരെ പെട്ടെന്നു തന്നെ വിറ്റുപോയി. ഇതേ തുടര്‍ന്ന് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തിവെക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി. ചരിത്ര മത്സരത്തിന്റെ ടിക്കറ്റുകള്‍ ആവശ്യപ്പെട്ട് ലോകത്തെങ്ങും നിന്ന് 80,000 ഓളം വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചദതിനെ തുടര്‍ന്ന് തന്റെ അഞ്ചു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനായെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
അന്നസ്ര്‍ ക്ലബ്ബിന്റെ ഭാഗമായി മാറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍ഹിലാല്‍ താരം സാലിം അല്‍ദോസരി എന്നിവര്‍ അടക്കമുള്ള അല്‍ഹിലാല്‍, അന്നസ്ര്‍ കളിക്കാര്‍ അണിനിരക്കുന്ന റിയാദ് സീസണ്‍ ടീമും അര്‍ജന്റീനയുടെ ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ബൂട്ടണിയുന്ന പാരിസ് സെന്റ് ജെര്‍മെയ്‌നും തമ്മിലുള്ള മത്സരം വളരെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. സെന്റ് ജെര്‍മെയ്ന്‍ കളിക്കാരായ ബ്രസീല്‍ താരം നെയ്മറും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും ജൂണ്‍ 19 ന് നടക്കുന്ന റിയാദ് കപ്പ് മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന് അഭൂതപൂര്‍വമായ മാധ്യമശ്രദ്ധയും ലഭിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് മെസ്സിയും റൊണാള്‍ഡോയും ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്. ഏറ്റവും ഒടുവില്‍ 2020 ഓഗസ്റ്റ് 12 ന് ആണ് ഇരുവരും പങ്കെടുത്ത മത്സരം നടന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്യാമ്പ് നൗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുവന്റസ് ബാഴ്‌സലോണയെ 3-0 ന് പരാജയപ്പെടുത്തിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ രണ്ടു ഗോളുകള്‍ നേടി. ഇത്തവണത്തെ റിയാദ് സീസണ്‍ സന്ദര്‍ശകര്‍ 100 ദിവസത്തിനിടെ മാത്രം ഒരു കോടി കവിഞ്ഞിട്ടുണ്ട്. റിയാദ് കപ്പ് മത്സരത്തില്‍ ഗോള്‍ പോസ്റ്റിന് പിന്‍വശത്തുള്ള ഗ്യാലറിയില്‍ ടിക്കറ്റ് നിരക്ക് 35 റിയാലും പ്ലാറ്റ്‌ഫോം സൈഡ് ടിക്കറ്റ് നിരക്ക് 40 റിയാലും ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 60 റിയാലും ഗോള്‍ഡന്‍ ക്ലാസ് ടിക്കറ്റ് നിരക്ക് 1,550 റിയാലുമായാണ് നിശ്ചയിച്ചിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)