Sorry, you need to enable JavaScript to visit this website.

പാണ്ടിക്കടവത്ത് തറവാട്ടിലെ  നോമ്പുകാലം 

ആളും ബഹളവും നിറഞ്ഞതായിരുന്നു പാണ്ടിക്കടവത്ത് തറവാട്. തൊഴിലാളികളും കാര്യസ്ഥന്മാരും കുടംബങ്ങളുമൊക്കെയുളള തറവാട്ടിൽ നോമ്പ് വന്നാൽ ആളുകളുടെ എണ്ണം കൂടും. സ്ഥിരമുളള തൊഴിലാളികളിൽ മിക്കവരും രാത്രിയിലുളള കിടത്തവും തറവാടിനോട് ചേർന്നാണ്. കൃഷിയായിരുന്നു കൂടുതൽ. 40 പേരൊക്കെയുളള ദിവസങ്ങളുണ്ടായിട്ടുണ്ട്. വല്ലാത്തൊരു മാനസിക സുഖം തന്നിരുന്നു ആ ദിനങ്ങൾ. ചെറുപ്പത്തിലേ പിതാവ് മരിച്ചതിനാൽ കാര്യസ്ഥന്മാരാണ് കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. ഇന്ന് തറവാട്ടിൽ നാലാം തലമുറയാണ്.
തറവാട്ടിൽ മൊല്ലാന്മാരുടെ മുറി എന്ന പേരിൽ ഒരു പ്രത്യേക റൂമുണ്ട്. നോമ്പായാൽ ഖുർആൻ പാരായണവും ബൈത്തുമായി ഭക്തി നിർഭരമാകും അന്തരീക്ഷം. പകലിൽ മൊല്ലാക്ക വന്നു ഓതിക്കൊണ്ടേയിരിക്കും. ഓത്തു മൊല്ലാന്മാർ മാറിമാറി വരും. നോമ്പിന്റെ പകലിൽ മൊല്ലാമുറിയിൽ ഓത്തും രാത്രിയിൽ നിസ്‌കാരവുമാണ്. തറവാട്ടിലെ മറ്റൊരു മുറി മജ്‌ലിസ് മുറിയാണ്. മുറിയുടെ 'മത്താരണ' (കിളിവാതിൽ)  നീക്കിയാൽ വെളിച്ചം വരും. അന്ന് വൈദ്യുതിയില്ല. പെട്രോമാക്‌സാണ്. അതിന്റെ വെളിച്ചത്തിലാണ് മജ്‌ലിസ് മുറി സജീവമാവുക. നോമ്പ് കാലത്ത് നേരത്തെ എഴുന്നേറ്റ് പുറത്തിറങ്ങാൻ ഭയമാണ്. വീടിന്റെ പരിസരമല്ലാം കാട് മൂടിയ നിലയിലായിരിക്കും. മുതിർന്നവരെല്ലാം അത്താഴം കഴിച്ച് സുബ്ഹി നിസ്‌കരിച്ച് ഖുർആൻ ഓതി കിടന്നുറങ്ങുകയാവും. ശബ്ദമുഖരിതമായ തറവാട് വിജനവും ഭയം നിറക്കുന്നതുമായിരുന്നു. ആയതിനാൽ മേലേ തൊടിയിലേക്കും താഴെ തൊടിയിലേക്കും പോകാൻ വരെ പേടിയായിരുന്നു.
നോമ്പ് ചെറുപ്പം മുതൽ തന്നെ നോൽക്കാൻ ശീലിപ്പിച്ചിട്ടുണ്ട്. ആദ്യ മൂന്ന് നോമ്പും വെള്ളിയാഴ്ചകളിലും 27 ാം രാവിലുമാണ് നോമ്പ് എടുപ്പിച്ച് ശീലിപ്പിക്കുക. പിന്നീട് എണ്ണം തികയ്ക്കാനായി അത്താഴത്തിന് വിളിച്ചുണർത്താൻ ആവശ്യപ്പെട്ട് നോമ്പെടുക്കും. സ്‌കൂളിലെ സുഹൃത്തുക്കളോടാണ് മൽസരം. തുടക്കത്തിൽ ഉച്ച വരെയായിരുന്നു. വല്ലാതെ ക്ഷീണിക്കുമ്പോൾ വീട്ടുകാർ തന്നെ പറയും, കുട്ടികൾ ഉച്ചവരെ നോമ്പെടുത്താൽ മതിയെന്ന്. നോമ്പു കാലത്ത് വീടിനടുത്തുളള പുഴയോരത്ത് സല്ലപിക്കുന്നതും പതിവായിരുന്നു.    നോമ്പ് 27 ന് വൈകിയിട്ടാണ് ഞാൻ ജനിക്കുന്നത്. അതുകൊണ്ട് റമദാൻ മാസം എന്റെ ജന്മദിനം കൂടി വരുന്നതാണ്. വിദ്യാഭ്യാസത്തിനു ശേഷം ഞാൻ എത്തിപ്പെട്ടത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്കാണ്. പാണക്കാട് തങ്ങൾ കുടുംബവുമായി ചേർന്നതോടെയാണ് ഞാൻ പൊതു പ്രവർത്തകനായി, രാഷ്ട്രീയക്കാരനായി മാറുന്നത്. പൂക്കോയ തങ്ങളുടെ ശിക്ഷണത്തിലായിരുന്നു പ്രവർത്തനം. പൊതു പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന് അവിടെ നിന്നാണ് പഠിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമാണ് റമദാനിൽ പാണക്കാട്ടുളളത്.   മാസപ്പിറവി ഉറപ്പിക്കുന്നതു കാത്തും മാസം കണ്ടവനെ വിചാരണ ചെയ്യുന്നതുമടക്കം നിരവധി സംഭവങ്ങൾക്ക് സാക്ഷിയായി നിൽക്കേണ്ടി വന്നിട്ടുണ്ട്.
    വാഹന-ഫോൺ സൗകര്യങ്ങൾ കുറവുളള കാലഘട്ടത്തിലായിരുന്നു ഏറെ പ്രയാസം.   മാസപ്പിറവി കണ്ടയാളെ പണ്ഡിത സഭ വിചാരണ ചെയ്യും. പണ്ഡിതന്മാരുടെ വിസ്താരം പൂർത്തിയാക്കി വിശ്വാസ യോഗ്യമെങ്കിൽ തക്ബീർ മുഴക്കി തങ്ങൾ ഉറപ്പിക്കും. പിന്നീട് എല്ലാ മഹല്ലുകളിലേക്കുമുള്ള കത്ത് തയ്യാറാക്കും. കത്തുമായി ദൂതന്മാർ ഓടുകയായി. പള്ളികളിൽ 'നഖാര' (വാദ്യം) മുഴക്കി അറിയിക്കുന്ന പതിവുണ്ടായിരുന്നു.
   പാണക്കാട് ഫോൺ കണക്ഷൻ ലഭിച്ചതു മുതൽ പിന്നീട് മഹല്ലുകിലേക്ക് വിളിച്ചറിയിക്കൽ തുടങ്ങി. ഇതോടെ മാസപ്പിറവി ഉറപ്പിച്ചത് ചോദിച്ചുള്ള ഫോൺ കോളും വരവായി. വലിയ റിസീവറുള്ള ഫോണായിരുന്നു. പൂക്കോയ തങ്ങളുടെ സെക്രട്ടറിയായിരുന്ന അഹമ്മദ് ഹാജി ഒരിക്കൽ ഫോൺ എടുത്ത് എന്റെ കയ്യിൽ തന്നു. 
ക്ഷമയുടെ നെല്ലിപ്പലക കാണുമെന്നു പറയും പോലെയാണ് കാര്യങ്ങൾ. വിളിക്കുന്ന ആളുകൾക്ക് മാസപ്പിറവി കണ്ടു എന്നു അറിഞ്ഞാൽ മതിയാവില്ല. ആരു കണ്ടു, എവിടെ കണ്ടു,   എപ്പോൾ കണ്ടു അങ്ങനെ വിവരിച്ചു ചോദിക്കും. ആയിരക്കണക്കിന് ഫോൺ കോളുകൾ എടുത്ത് കൈ താഴെ വെക്കാൻ പറ്റാത്ത അവസ്ഥയാണുണ്ടാവുക. പൊതു പ്രവർത്തകനെന്ന നിലയിൽ എന്നിൽ ക്ഷമാ ശീലമുണ്ടായത് അന്നു മുതലാണെന്ന് പറയാം. 

(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)
 

Latest News