Sorry, you need to enable JavaScript to visit this website.

റബർ ഷീറ്റ് വില ഉയർന്നു

കൊച്ചി- റബർ കർഷകർക്ക് പ്രതീക്ഷ പകർന്ന് ഷീറ്റ് വില ഉയർന്നു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാന്റിൽ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ചുക്ക് വില വർധിച്ചു. കാലവർഷത്തിന് മുമ്പായി കാർഷിക മേഖലയിൽ സ്‌റ്റോക്കുള്ള റബർ ഷീറ്റ് കൈക്കലാക്കാനുള്ള  ശ്രമത്തിലാണ് ടയർ വ്യവസായികൾ. താഴ്ന്ന വിലക്ക് ഷീറ്റ് ലഭിക്കില്ലെന്ന് മനസ്സിലാക്കി സ്‌റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ വ്യവസായികൾ നിരക്ക് 12,200 രൂപയിൽ നിന്ന് 12,500 ലേയ്ക്ക് ഉയർത്തി. നാലാം ഗ്രേഡ് റബറിന്റെ വിലക്കയറ്റം അഞ്ചാം ഗ്രേഡിനെ  12,000 ൽ നിന്ന് 12,400 രൂപയിലേയ്ക്ക് നയിച്ചു. കാലവർഷം അടുത്ത വാരം സംസ്ഥാനത്ത് പ്രവേശിക്കുമെന്ന പ്രവചനങ്ങൾ ടയർ ലോബിയെ അസ്വസ്തരാക്കി. ടോക്കോമിൽ റബറിന് കിലോ 200 യെന്നിലേയ്ക്ക് ഇനിയും ഉയരാനായില്ല. 
ഏഴ് മാസം തുടർച്ചയായി സ്‌റ്റെഡി വിലയിൽ നീങ്ങിയ ചുക്ക് വാരാന്ത്യം 1500 രൂപയുടെ മികവ് കാണിച്ചു. ടെർമിനൽ മാർക്കറ്റിൽ ചുക്കിന്റെ  ലഭ്യത ചുരുങ്ങിയത് കയറ്റുമതിക്കാരെയും ആഭ്യന്തര വാങ്ങലുകാരെയും സമ്മർദ്ദത്തിലാക്കി. അറബ് രാജ്യങ്ങൾ പെരുന്നാൾ ആവശ്യങ്ങൾ മുൻനിർത്തി ചുക്കിൽ താൽപര്യം കാണിച്ചതാണ് വിപണി ചുടുപിടിക്കാൻ അവസരം ഒരുക്കിയത്. മീഡിയം ചുക്ക് 12,500 രൂപയിൽ നിന്ന് 14,000 രൂപയായി. ബെസ്റ്റ് ചുക്ക് വില 15,500 രൂപ. 
ഉത്തരേന്ത്യൻ വാങ്ങലുകാരുടെ തിരിച്ചുവരവ് കുരുമുളക് വില അൽപം ഉയർത്തി. കൊച്ചിയിൽ ഹൈറേഞ്ച് മുളക് വരവ് നാമമാത്രമാണ്. അന്തർ സംസ്ഥാന വ്യാപാരികൾ വരും ദിനങ്ങളിൽ രംഗത്ത് സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകൾ. അൺ ഗാർബിൾഡ് കുരുമുളക് 36,300 രൂപയിലും ഗാർബിൾഡ് 38,300 രൂപയിലുമാണ്.
ഏലത്തിന് ഇത് ഓഫ് സീസനാണെങ്കിലും വില ഉയർന്നില്ല. വാരാരംഭത്തിൽ കിലോ 1020 രൂപയിലേക്ക് ഉൽപന്ന വില ഇടിഞ്ഞ് കർഷകരെയും സ്‌റ്റോക്കിസ്റ്റുകളെയും ഞെട്ടിച്ചു. അവർ പിന്നീടുള്ള ലേലങ്ങളിൽ ചരക്ക് നീക്കം കുറച്ചതോടെ വില 1244 ലേക്ക് കയറിയെങ്കിലും വാരാന്ത്യം നിരക്ക് 1168 രൂപയിലാണ്.  
പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങിയത് മില്ലുകാരെ വിൽപ്പനക്കാരാക്കി. തമിഴ്‌നാട്ടിൽ നിന്ന് കനത്ത തോതിൽ എണ്ണ വിൽപനക്കെത്തി.  കാർഷിക മേഖല കൊപ്ര ഇറക്കിയെങ്കിലും വ്യവസായിക ഡിമാന്റ് കുറഞ്ഞത് തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ 18,300 ൽ നിന്ന് 17,900 രൂപയായി. കൊപ്ര വില 11,925 രൂപ. മഴ ആരംഭിക്കുന്നതോടെ നാളികേര വിളവെടുപ്പും കൊപ്ര സംസ്‌കരണവും തടസ്സപ്പെടും. 
സംസ്ഥാനത്തെ ആഭരണ കേന്ദ്രങ്ങളിൽ പവന്റെ നിരക്ക് കയറി ഇറങ്ങി. വാരാരംഭത്തിൽ 23,280 രൂപയിൽ നീങ്ങിയ പവൻ പിന്നീട് 23,000 രൂപയായി. എന്നാൽ ശനിയാഴ്ച നിരക്ക് 23,120 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1315 ഡോളറിൽ നിന്ന് 1285 വരെ ഇടിഞ്ഞ ശേഷം 1291 ഡോളറിലാണ്. 1300 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട സാഹചര്യത്തിൽ 1260 ഡോളർ വരെ നിരക്ക് കുറയാൻ ഇടയുണ്ട്. 
 

Latest News