മലപ്പുറം : സൗദിയിലെ പ്രവാസി മലയാളികളുടെ മനസ്സ് ഇങ്ങനെയാണ്, സഹജീവിയുടെ ബുദ്ധിമുട്ടുകള്‍ക്ക് മുന്നില്‍ അവരുടെ മനസ്സലിയും കാരുണ്യത്തിന്റെ ഉറവ പൊട്ടിയൊഴുകും. ജിദ്ദയിലെ പ്രവാസി മലയാളികള്‍ അത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. വ്യക്ക തകരാറിലായി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കാളികാവ് ചോക്കോട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശിയും പ്രവാസിയുമായ കപ്പക്കുന്നുമ്മല്‍ ഫിറോസ്ഖാന്റെ ചികിത്സക്കായി ബിരിയാണി ചലഞ്ച് നടത്തി ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ച് നല്‍കിയത് 15 ലക്ഷത്തിലേറെ രൂപയാണ്.
ചികിത്സക്ക് ആവശ്യമായ പണത്തിന്റെ വലിയൊരു ഭാഗം ലഭിച്ചതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഫിറോസ്ഖാന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകള്‍ക്ക് ജീവന്‍വെച്ചിരിക്കുകയാണ്. വൃക്ക മാറ്റിവെക്കലിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണവര്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജിദ്ദയിലെ മാളിയേക്കല്‍ പ്രവാസി കൂട്ടായ്മയായ മാളിയേക്കല്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറള്‍ അസോസിയേഷനാണ് (മവാസ) ഫിറോസ്ഖാന്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കിയത്. അയല്‍ പ്രദേശങ്ങിലെ പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് നടത്തിയ പരിപാടിയിലൂടെ 15,29,700 രൂപയാണ് ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ച് നല്‍കാനായത്. മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം, അഞ്ചച്ചവിടി ഏരിയ പ്രവാസി സംഗമം, പള്ളിശ്ശേരി ജിദ്ദ പ്രവാസി കൂട്ടായ്മ, കാളികാവ് ഏരിയ പ്രവാസി സാംസ്‌കാരികവേദി, കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്‍, പുല്ലങ്കോട് ഏരിയാ പ്രവാസി അസോസിയേഷന്‍, സ്രാമ്പിക്കല്ല് എക്സ്സ്പാറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, കൂരാട് ഏരിയ പ്രവാസി സംഘം എന്നീ കൂട്ടായ്മകള്‍ ബിരിയാണി ചലഞ്ചുമായി സഹകരിച്ചു. അറബ് പൗരന്‍മാരടക്കം നിരവധി പേര്‍ ബിരിയാണി ചലഞ്ചില്‍ പങ്കാളികളായി.