കൊച്ചി- അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ വൈക്കം സ്വദേശിനി ശ്രീല പി. മണിയുടെ (ലക്ഷ്മി ദീപ്ത) അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒ.ടി.ടി. ചുമതലക്കാരിയായ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംവിധായിക ലക്ഷ്മി ദീപ്ത ഉന്നത ബന്ധങ്ങളുള്ള യുവതിയാണെന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ വാദം ഉയര്‍ത്തിയിരുന്നു. നേരത്തെ, പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്നുമാണ് പരാതിക്കാരനായ യുവാവിന്റെ ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച സംവിധായിക ലക്ഷ്മി ദീപ്ത.
ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്ക് ഇവര്‍ ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിംഗിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു. ലക്ഷ്മി ദീപ്തക്കെതിരേ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സംപ്രേഷണം ചെയ്ത അശ്ലീല വെബ്‌സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്നാരോപിച്ചു നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ചുമതലക്കാര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീല പി. മണിയെ കൂടാതെ പാറശാല സ്വദേശി എം.എല്‍. അബിസണ്‍ എന്നയാള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നും ഇതിനായി വ്യാജ കരാര്‍ ഉണ്ടാക്കിയെന്നുമാണ് യുവതിയുടെയും യുവാവിന്റെയും പരാതി.
അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ സംവിധായികക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു. കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂട്ടിംഗിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരനായ യുവാവ് ആരോപിച്ചിരുന്നു.