Sorry, you need to enable JavaScript to visit this website.

ജോഡോ യാത്രക്കിടെ ആങ്ങളയും പെങ്ങളുമായി കൊച്ചുവര്‍ത്തമാനം, വിഷയം ലൂണ

ന്യൂദല്‍ഹി- ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അനുസരണയോടെ നടന്നുനീങ്ങുന്ന ലൂണ ഇന്റര്‍നെറ്റില്‍ താരമായി. പ്രിയങ്ക ഗാന്ധിയുടെ വളര്‍ത്തുനായയാണ് ലൂണ. രാഹുലിന് മുമ്പെ നടന്നുനീങ്ങുന്ന ലൂണ ആരേയും ഭയപ്പെടുത്തുന്നില്ല.
'ലൂണയെ കിഡ്നാപ് ചെയ്തിരിക്കുകയാണ്' എന്ന കുറിപ്പോടെയാണ് രാഹുല്‍ ലൂണയുമായി നടന്നുനീങ്ങുന്ന ഫോട്ടോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോക്ക് മേലെ മറ്റൊരു കുറിപ്പുമുണ്ട്. ലൂണയുടെ വാക്കുകള്‍ പോലെയാണവ. 'താങ്കളുടെ യാത്രയിലേക്ക് എന്നെ ക്ഷണിക്കാന്‍ നൂറ് ദിവസത്തിലേറെ വേണ്ടി വന്നുവല്ലേ, സാരമില്ല... ഇപ്പോള്‍ ഞാന്‍ എത്തിയല്ലോ. ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്ന മഹാനെ നന്നായി അറിയാനും പറ്റും'.
പോസ്റ്റിന് ഇതിനോടകം തന്നെ ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര്‍ ഊഷ്മളമായ കമന്റുകള്‍ പോസ്റ്റ് ചെയ്തു.
ഇതിനുപിന്നാലെ ലൂണയ്ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. 'ആകുലപ്പെടേണ്ട പ്രിയങ്ക, ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങിയതാ' എന്ന് രാഹുല്‍ കുറിക്കുകയും ചെയ്തു. ഈ പോസ്റ്റും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റെടുത്തു.
ഹരിയാനയിലൂടെയാണ് ഭാരത് ജോഡോ യാത്ര ഇപ്പോള്‍ നീങ്ങുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദന്‍ സിങ് ഹൂഡ, രഞ്ജിത് സിംഗ് സുര്‍ജെവാല, ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി.

 

Latest News