Sorry, you need to enable JavaScript to visit this website.

പുതുവർഷം പുത്തൻ പ്രതിജ്ഞയുടേതാവട്ടെ

വീട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കുന്ന ആളാവലല്ല, വൈകാരിക നിമിഷങ്ങൾ സമ്മാനിക്കാൻ കഴിയുന്ന സ്വന്തം കാലിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്ന സാമ്പത്തിക ശേഷിയുള്ള ആരോഗ്യമുള്ളവരായി വേണം ഓരോ പ്രവാസിയും മടങ്ങാൻ. എങ്കിൽ നിങ്ങളെ സ്‌നേഹിക്കാൻ വീട്ടുകാരും നാട്ടുകാരുമുണ്ടാവും, വൈഷമ്യങ്ങളില്ലാതെ പിറന്ന മണ്ണിൽ കഴിയാനും സാധിക്കും. പുതിയ വർഷം അത്തരമൊരു പ്രതിജ്ഞയുടേതാവട്ടെ. 

 

ഓരോ പുതുവർഷവും പുത്തൻ പ്രതീക്ഷകളും പുതുപുത്തൻ പ്രതിജ്ഞകളുമായാണ് കടന്നു വരുന്നത്. വർഷം അവസാനിക്കാറാകുമ്പോഴുള്ള കണക്കെടുപ്പിൽ സ്ഥാപനങ്ങളുടേതാണെങ്കിൽ ഇതിൽ പലതും പൂർത്തീകരിച്ചിട്ടുണ്ടാവാം. എന്നാൽ വ്യക്തികളുടെ കാര്യത്തിൽ അതുണ്ടാവൽ വിരളമാണ്. ചിലരുടെ കാര്യത്തിൽ അതു വട്ടപൂജ്യമായിരിക്കും. പ്രവാസികൾ ഏറെക്കുറെ ഈ ഗണത്തിൽ പെടുന്നവരാണ്. ഓരോ വർഷം കഴിയുന്തോറും അവർ ഓരോ പ്രതിജ്ഞ എടുക്കും. അതിൽ പ്രധാനം പ്രവാസം അവസാനിപ്പിക്കുന്നതായിരിക്കും. എന്നാൽ ബാധ്യതകളുടെ ഭാണ്ഡങ്ങൾ ഒന്നിനു പിറകെ ഒന്നായി മുതുകിൽ വരുമ്പോൾ പ്രതിജ്ഞ അസ്ഥാനത്താകുമെന്നു മാത്രമല്ല, വർഷങ്ങൾ കഴിഞ്ഞാലും ഒടുങ്ങാത്ത വിധം അതു നീണ്ടുപോവുകയും ചെയ്യും. അങ്ങനെ വർഷങ്ങൾ ഒന്നും രണ്ടുമല്ല, മുപ്പതും നാൽപതും കഴിഞ്ഞിട്ടും നാടു പിടിക്കാനാവാതെ വലയുന്ന പ്രവാസികൾ നിരവധിയാണ്. രണ്ടും കൽപിച്ചു പോയവരാകട്ടെ, നാട്ടിൽ നിൽക്കാനാവാതെ പൊടുന്നനെ മടങ്ങിയിട്ടുമുണ്ടാവും. ഈ പ്രതിഭാസത്തിന് ഉത്തരവാദി ആരാണ്? പലരും കുടുംബങ്ങളെ പഴിക്കാം. അതല്ലെങ്കിൽ ബന്ധുക്കളെ കുറ്റപ്പെടുത്താം. എന്നാൽ അതിനു മറ്റാരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സ്വന്തത്തെ തന്നെയാണ് പ്രതിയാക്കേണ്ടത്. വ്യക്തമായ പ്ലാൻ ഇല്ലായ്മയും സ്വന്തം കാര്യം നോക്കാൻ മറന്നു പോകുന്നതുമാണ് ഇതിനു കാരണം. അതിനാൽ പുതിയ വർഷം ഇക്കാര്യത്തിൽ ഇനിയും ഒരു വ്യക്തതയില്ലാത്തവർക്ക് വ്യക്തതയുണ്ടാവാനുള്ളതാവട്ടെ എന്ന് ആശംസിക്കുകയാണ്. 


ആരോഗ്യവും ചുറുചുറുക്കും എന്തിനും പോന്ന പ്രകൃതവുമൊക്കെ ഉള്ളപ്പോഴാകും പലരും പ്രവാസം തെരഞ്ഞെടുക്കുന്നത്. അപ്പോൾ മനസ്സു നിറയെ അക്കരെയുള്ള സ്വപ്‌നഭൂമിയായിരിക്കും. സ്വപ്‌ന ഭൂമിയിലെത്തിപ്പെടുമ്പോഴാവും പലരും താൻ കണ്ട സ്വപ്‌നങ്ങളല്ല യാഥാർഥ്യത്തിലുള്ളതെന്ന് മനസ്സിലാകുന്നത്. പിന്നെന്തു ചെയ്യും? പിടിച്ചു നിൽക്കുക തന്നെ. അപ്പോൾ മനസ്സിൽ മനക്കോട്ട കെട്ടും. ഇത്ര വർഷം. അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് മടങ്ങാമെന്ന മനക്കോട്ട. പക്ഷേ ദിനങ്ങൾ കൊഴിയുന്തോറും മനക്കോട്ടകൾ ഓരോന്നായി ഇടിഞ്ഞു വീഴും. ഉത്തരവാദിത്തങ്ങൾ പെരുകിക്കൊണ്ടിരിക്കും. പിന്നെ വർഷങ്ങൾ കടന്നു പോകുന്നതറിയില്ല. അപ്പോഴേക്കും വീട്ടുകാരുടെയും നാട്ടുകാരുടെയും പണം കായ്ക്കുന്ന മരമായി പ്രവാസി മാറിയിട്ടുണ്ടാവും. അതിനിടെ മടങ്ങിപ്പോക്കിനെക്കുറിച്ചോ, സ്വന്തം കാര്യത്തെക്കുറിച്ചോ ചിന്തിക്കാൻ പോലും അവൻ മറന്നിട്ടുണ്ടാവും. അപ്പോഴേക്കും കാലം കടന്നു പോയി രോഗങ്ങളും അവശതകളും സമ്മാനിച്ച ശാരീരിക വൈഷമ്യങ്ങളാൽ നാട്ടിലേക്കു പോകാൻ നിർബന്ധിതനാവും. ഇങ്ങനെ ചെല്ലുന്നവരെ രണ്ടു കൈയും നീട്ടി വീട്ടുകാരും നാട്ടുകാരം സ്വീകരിക്കുമെന്നായിരിക്കും പ്രവാസിയുടെ കണക്കുകൂട്ടൽ. കാരണം അവർ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം വാരിക്കോരി കൊടുത്തിട്ടുണ്ടല്ലോ. അതു സ്വീകരിച്ചവരാരും തന്നെ മറക്കില്ലെന്നായിരിക്കും കണക്കുകൂട്ടൽ. എന്നാൽ ഇങ്ങനെ വെറും കൈയോടെ മടങ്ങിയവരിൽ അധിക പേർക്കും തിക്താനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലരും നരകയാതനയനുഭവിച്ചാണ് ദിനങ്ങൾ കഴിച്ചു കൂട്ടുന്നത്. തിരിഞ്ഞു നോക്കാൻ പോലും ആളില്ലാതെ മരണത്തിനു കീഴടങ്ങിയവരുമുണ്ട്. രോഗങ്ങളാൽ അംഗവൈകല്യം സംഭവിച്ച് പരസഹായത്തിനും സ്‌നേഹത്തിനും കൊതിക്കുന്നവരുണ്ട്. പത്തും പതിനഞ്ചും പേരുള്ള താമസ കേന്ദ്രങ്ങളിൽ തിങ്ങിഞെരുങ്ങിയും കക്കൂസിൽ പോകാൻ വരെ സമയം നിശ്ചയിച്ചും ക്യൂ നിന്നുമെല്ലാം കഴിച്ചുകൂട്ടി  ഭാര്യക്കും മക്കൾക്കുമായി നാലും അഞ്ചും ബാത്ത് റൂം അറ്റാച്ച്ഡ് മുറികളും ആഡംബര സൗകര്യങ്ങളുമുള്ള മണിമാളികകൾ തീർത്തവർ വരെ നിവർന്നു കിടക്കാൻ ഇടമില്ലാതെ വിഷമിക്കുന്ന കഥകളും നിരവധി. ഇത്തരം കഥകളും അനുഭവങ്ങളും കേട്ടിട്ടും കൊണ്ടിട്ടും അധിക പ്രവാസികളും ഇന്നും പഠിച്ചിട്ടില്ല. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


എന്നാൽ ഇത്തരം അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാൻ  ഇനിയും വൈകിക്കൂടാ. പുതിയ വർഷത്തിലെ പ്രതിജ്ഞ അതിനു വേണ്ടിയുള്ളതായിരിക്കട്ടെ. പ്രവാസികൾ മനസ്സിലാക്കേണ്ട ഏറ്റവും സുപ്രധാന കാര്യം സ്വന്തം കാര്യം എന്നതാണ്. അതു കഴിഞ്ഞിട്ടു മതി മറ്റുള്ളവരുടെ കാര്യങ്ങൾ എന്ന തിരിച്ചറിവ്. പ്രവാസിയായിരിക്കുമ്പോൾ സ്‌നേഹിക്കുന്നവരുടെയും വാഴ്ത്തലുകാരുടെയും നീണ്ടനിര നിങ്ങളുടെ മുന്നിലുണ്ടാവാം. പ്രവാസം അവസാനിപ്പിച്ചു തിരിച്ചു ചെല്ലുമ്പോഴും അതുണ്ടാവണമെങ്കിൽ കൈയിൽ ചില്ലറ വേണം, വരുമാന മാർഗം ഉണ്ടാവണം. എങ്കിൽ മാത്രമേ നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിയൂ. പ്രവാസത്തിന്റെ കുപ്പായം അണിയുന്ന ദിനത്തിൽ തന്നെ ഒരു തീരുമാനം എടുക്കുക, വരുമാനത്തിന്റെ ഇത്ര ശതമാനം സ്വന്തം കാര്യത്തിനായി നീക്കി വെക്കുമെന്ന തീരുമാനം. അതു കഴിഞ്ഞു ബാക്കിയുള്ളതുകൊണ്ടാകണം വീട്ടുകാര്യങ്ങളും നാട്ടുകാര്യവുമൊക്കെ നോക്കാൻ. സാമ്പത്തിക അച്ചടക്കത്തോടെ ജീവിക്കുന്ന നല്ലൊരു സാമ്പത്തിക വിദഗ്ധനാകാൻ ഓരോ പ്രവാസിക്കും കഴിയണം. ഏതു രാജ്യത്തായാലും ജോലി അനിശ്ചിതത്വം ഇപ്പോൾ കൂടുതലാണ്. വരുമാനം ഏതു നിമിഷവും നിലയ്ക്കാവുന്ന, അതല്ലെങ്കിൽ വരുമാനത്തിൽ ഇടിവു സംഭവിക്കാവുന്ന നിമിഷം എപ്പോൾ വേണമെങ്കിലും കടന്നു വരാം. അതിനാൽ ഓരോ ചുവടുവെപ്പും കരുതലോടെയായിരിക്കണം. കിട്ടുന്ന വരുമാനത്തിനനുസരിച്ച് ജീവിക്കാൻ സ്വന്തത്തെയും കുടുംബാംഗങ്ങളെയും പാകപ്പെടുത്തുകയും വേണം. മറ്റുള്ളവരുടെ മുന്നിൽ മേനി നടിക്കുന്നതിനും ആളാവുന്നതിനുമായി ഇല്ലാത്ത വമ്പത്തം ഉണ്ടാക്കിത്തീർക്കാനുള്ള ത്വര സ്വന്തം കുഴി തോണ്ടുമെന്ന കാര്യം മറക്കാതിരിക്കണം. 


പണം കൊണ്ട് എല്ലാം നേടാമെന്നും പണം കൊടുത്താൽ എല്ലാവരും സന്തോഷവാന്മാരായിരിക്കുമെന്നുമുള്ള ധാരണയുണ്ടെങ്കിൽ അതു തിരുത്തണം. പണം കൊടുത്താൽ കിട്ടാത്ത സ്‌നേഹവും മനുഷ്യപ്പറ്റും പരസ്പര വിശ്വാസവുമെല്ലാം കൈമുതലായുണ്ടാവണം. വീട്ടുകാർ ചോദിക്കുമ്പോഴെല്ലാം എന്തിനു വേണ്ടിയെന്നു പോലും തിരക്കാതെ വാരിക്കോരി കൊടുക്കുന്ന അച്ഛനും ഭർത്താവും ഭാര്യയുമൊന്നും ആവാതിരിക്കണം. പണം നൽകുന്നതിനു മുമ്പെ അവർക്കു പകർന്നു നൽകേണ്ടത് പ്രവാസ ജീവിതാനുഭവങ്ങളും സ്‌നേഹ വായ്പുകളുമായിരിക്കണം. കൽപനകൾ മാത്രം പുറപ്പെടുവിക്കുന്ന ഭർത്താവും അച്ഛനുമാവാതെ ഭാര്യയും മക്കളുമായി കൊഞ്ചിക്കുഴയുന്ന അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിയുന്ന സ്‌നേഹനിധിയായ ഭർത്താവും പിതാവുമാവാനാവണം ശ്രമിക്കേണ്ടത്. എങ്കിൽ മാത്രമായിരിക്കും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോഴും അപരിചിത്വം തോന്നാത്തവിധം അവർക്കിടയിൽ ജീവിക്കാനാവുക. സാമ്പത്തിക അച്ചടക്കം സ്വന്തം ജീവിതത്തിലെന്ന പോലെ അവരെയും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ വരുമാനം കുറഞ്ഞാലും നിങ്ങളോടുള്ള ആദരവിൽ കുറവുണ്ടാവില്ല. അതോടൊപ്പം പ്രവാസിയായിരിക്കുമ്പോൾ തന്നെ ആരോഗ്യ കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തുകയും വേണം. വീട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കുന്ന ആളാവലല്ല, വൈകാരിക നിമിഷങ്ങൾ സമ്മാനിക്കാൻ കഴിയുന്ന സ്വന്തം കാലിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്ന സാമ്പത്തിക ശേഷിയുള്ള ആരോഗ്യമുള്ളവരായി വേണം ഓരോ പ്രവാസിയും മടങ്ങാൻ. എങ്കിൽ നിങ്ങളെ സ്‌നേഹിക്കാൻ വീട്ടുകാരും നാട്ടുകാരുമുണ്ടാവും, വൈഷമ്യങ്ങളില്ലാതെ പിറന്ന മണ്ണിൽ കഴിയാനും സാധിക്കും. പുതിയ വർഷം അത്തരമൊരു പ്രതിജ്ഞയുടേതാവട്ടെ. 

Latest News