എന്തു ചെയ്താലും ആരും ചോദിക്കാനില്ലെന്ന അഹങ്കാരം തന്നെയാവണം കോടതി വിധി വരുന്നതു പോലും കാത്തുനിൽക്കാതെ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും തിടുക്കത്തിന് പിന്നിൽ. അതോ, എന്തു ചെയ്താലും ജനം തങ്ങൾക്ക് വോട്ട് ചെയ്തുകൊള്ളുമെന്ന ധൈര്യമോ?
ഇന്ത്യൻ ഭരണഘടനയെ പരസ്യമായി അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാൻ കേരള മന്ത്രിസഭയിൽ തിരിച്ചെത്തിയിരിക്കുന്നു. അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാൻ മടിയില്ലാത്ത പിണറായി വിജയൻ സർക്കാരിന്റെ നിയമ സംവിധാനത്തെയും കോടതിയെയും പല്ലിളിച്ചു കാണിക്കുന്ന ഏറ്റവുമൊടുവിലത്തെ നടപടി. സർക്കാരുമായി ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഇടങ്കോലിട്ടു നോക്കിയെങ്കിലും ഒടുവിൽ അദ്ദേഹവും വഴങ്ങി. എല്ലാം കണ്ട് നിർവികാരരായി, നിസ്സംഗരായിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ.
സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നത് നിയമപരമായും ധാർമികമായും ശരിയല്ലെന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. ആര് വകവെക്കാൻ? ഞാൻ എന്തു ചെയ്താലും പിന്തുണക്കാൻ കേരളത്തിൽ ആളുണ്ടെന്ന് പിണറായിക്കറിയാം. അതിനു വേണ്ട സാമുദായിക സമവാക്യങ്ങളൊക്കെ അദ്ദേഹം ശരിയാക്കി വെച്ചിട്ടുണ്ട്. പക്ഷേ എത്ര ശക്തനായ ഭരണാധികാരിയാണെങ്കിലും രാജ്യത്തെ ഭരണഘടനയോടോ നിയമ വ്യവസ്ഥയോടോ തരിമ്പെങ്കിലും ബഹുമാനമുണ്ടെങ്കിൽ പിണറായി ഒരിക്കലും സജി ചെറിയാന് തന്റെ മന്ത്രിസഭയിൽ വീണ്ടും ഇടം നൽകില്ല.
ഭരണഘടനക്ക് വില കൽപിക്കുന്ന വേറേതെങ്കിലും രാജ്യത്താണെങ്കിൽ സജി ചെറിയാന് മന്ത്രിസഭയിൽ പോയിട്ട് നിയമസഭയിൽ പോലും ഇനിയൊരിക്കലും ഇടം കിട്ടില്ല. അത്ര അവഹേളനാപരമായിരുന്നു അദ്ദേഹം കഴിഞ്ഞ ജൂലൈ മൂന്നിന് ചെങ്ങന്നൂരിനടുത്ത് മല്ലപ്പള്ളിയിലെ ഒരു സി.പി.എം പ്രാദേശിക യോഗത്തിൽ പ്രസംഗിച്ചത്. പാവപ്പെട്ടവനെ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥകളാണ് ഇന്ത്യൻ ഭരണഘടനയിൽ എഴുതിവെച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞത് കേട്ട് ഇന്ത്യക്കാരൻ എഴുതിവെച്ചു, കൂട്ടത്തിൽ ആളെ പറ്റിക്കാൻ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നൊക്കെ എഴുതിവെച്ചിട്ടുണ്ടെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പ്രസംഗത്തിലെ അപകടം മനസ്സിലാക്കിയ ആ യോഗത്തിൽ സംബന്ധിച്ച ഏതോ സി.പി.എമ്മുകാർ തന്നെയാണ് അതിന്റെ വീഡിയോ പുറത്തു വിട്ടതും. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തടിയൂരാൻ നോക്കിയെങ്കിലും ഒടുവിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.
സജി ചെറിയാന്റെ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ ഒരു അഭിഭാഷകൻ പരാതി നൽകിയിരുന്നു. കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു. അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ അനുകൂല റിപ്പോർട്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സർക്കാർ ആധാരമാക്കുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അവഹേളിച്ചില്ലെന്നുമാണ് സർക്കാരിനു വേണ്ടി പോലീസ് തയാറാക്കിയ റിപ്പോർട്ടിലുള്ളത്. വിവാദ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാന്റെ എം.എൽ.എ സ്ഥാനം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളിയതാണ് സർക്കാരിന്റെ മറ്റൊരു ധൈര്യം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഏതായാലും പോലീസ് റിപ്പോർട്ടിൻമേൽ തിരുവല്ല കോടതി വിധി പുറപ്പെടുവിച്ചില്ല. അതിനു മുമ്പേ തിടുക്കപ്പെട്ട് സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കണമെങ്കിൽ കോടതിവിധി അനുകൂലമായിരിക്കുമെന്ന് സർക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നർഥം. എന്നാൽ പരാതിക്കാരൻ വീണ്ടും തിരുവല്ല കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
എത്ര പരസ്യമായി തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കാനും അങ്ങനെയല്ല എന്നു വരുത്തിത്തീർക്കാനും ഏതറ്റം വരെയും പോകാൻ മടിക്കാത്ത പാർട്ടിയാണ് സി.പി.എം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ അന്ന് പ്രതിപക്ഷത്തായിരുന്നവർ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ ടി.വിയിൽ ലൈവായി ജനം കണ്ടിട്ടും തങ്ങൾ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും കേസുകൾ ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ കേസ് നടത്തുകയാണവർ. ഭരണപക്ഷം ആക്രമിക്കാൻ വന്നപ്പോൾ ചെറുക്കുക മാത്രമാണ് ചെയ്തതെന്ന പച്ചക്കള്ളം വരെ അവർ കോടതിയിൽ പറഞ്ഞു. കോടതി കേസിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. വിധി പ്രതികൂലമായാൽ മന്ത്രി വി. ശിവൻ കുട്ടിയടക്കമുള്ളവരുടെ പദവികൾ തുലാസിലാവും. ആ കേസുമായി താരതമ്യം ചെയ്യുമ്പോൾ സജി ചെറിയാന്റെ പ്രസംഗവും മാറ്റിപ്പറയലുമെല്ലാം ചീളുകേസ്.
ഭരണഘടനയെയും നിയമത്തെയും ഭരണ സംവിധാനത്തെയുമെല്ലാം നോക്കുകുത്തിയാക്കി തന്നിഷ്ടം പോലെ എന്തും ചെയ്യുക, ഏത് അഴിമതിയും കാണിക്കുക, തെളിവില്ലാതെ നോക്കുക എന്നതാണ് പിണറായി സർക്കാരിന്റെ ഇപ്പോഴത്തെ ഒരു രീതി. ഇനിയിപ്പോൾ അഴിമതികൾ പുറത്തു വന്നാലും ഒരു കൂസലുമില്ല. കഴിയുന്നതും പോലീസ് അന്വേഷണം നടത്താതിരിക്കും. നിർബന്ധിത സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ടിവന്നാലോ, സജി ചെറിയാനെ വെളുപ്പിച്ചതു പോലെ വെളുപ്പിച്ചെടുക്കുന്ന റിപ്പോർട്ട് അടിമ പോലീസുകാർ എഴുതിക്കൊടുക്കും. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം, ഇ.പി. ജയരാജനുമായി അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയവയിലെല്ലാം കണ്ടത് ഇതൊക്കെയാണ്. പരസ്യമായ രഹസ്യമാണെങ്കിലും തെളിവുകൾ ബാക്കിയാക്കാതെ നടത്തിയ ഈ അഴിമതികൾ പക്ഷേ സ്വന്തം പാർട്ടിക്കാരിലൂടെ തന്നെ ലോകം അറിഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനത്തിനുള്ള പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് പാർട്ടിക്കാരുടെ വാട്‌സാപ് ഗ്രൂപ്പിൽനിന്നാണ് പുറത്തു പോയത്. കള്ളി വെളിച്ചത്തായതോടെ കത്ത് എഴുതിയിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് ആനാവൂരും പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധവും കോടതിയിൽ കേസും വന്നതോടെ കണ്ണിൽ പൊടിയിടാൻ പോലീസ് അന്വേഷണം. അത് ബഹുകേമമായി. ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുകയോ തെളിവെടുക്കുകയോ എന്തിന്, മേയറുടെ ഓഫീസിലെ കംപ്യൂട്ടർ പോലും പരിശോധിക്കാതെ ആരോപിക്കപ്പെടുന്ന കത്ത് കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് രണ്ട് അന്വേഷണ സംഘങ്ങളും നൽകിയത്. പിന്നെന്തു ചെയ്യും? അപ്പോഴും മേയറുടെ രാജി ആവശ്യപ്പെട്ട് സമരം തുടർന്ന പ്രതിപക്ഷത്തെ തണുപ്പിക്കാൻ ഡി.ആർ. അനിലെന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ബലിയാടാക്കി. മേയറുടേതു പോലൊരു കത്ത് താൻ ജില്ല സെക്രട്ടറിക്ക് കൊടുത്തിരുന്നതായി പരസ്യമായി സമ്മതിച്ചയാളാണ് ഡി.ആർ. അനിൽ. പാർട്ടിക്കുള്ളിലെ പോരൊതുക്കാൻ കൂടിയായിരുന്നു അനിലിനെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചത്. ഏതായാലും പ്രതിപക്ഷം സമരമവസാനിപ്പിച്ചു.
ഇ.പി. ജയരാജനെതിരെ പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണവും പാർട്ടിക്കുള്ളിലെ പോരിന്റെ തുടർച്ചയായിരുന്നു. കണ്ണൂർ ജില്ലയിൽ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും ഓഹരി പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ടിനു വേണ്ടി വൻതോതിൽ കുന്നിടിക്കുകയും പരിസ്ഥിതി നാശം വരുത്തുകയും ചെയ്തുവെന്നും 30 കോടി രൂപ മുതൽമുടക്കുള്ള റിസോർട്ടിന്റെ നിർമാണത്തിനായി ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കേ അധികാരം ദുർവിനിയോഗം നടത്തിയതെന്നുമാണ് പി. ജയരാജൻ സി.പി.എം സംസ്ഥാന സമിതിയിൽ ആരോപിച്ചത്. ഇ.പി. ജയരാജന്റെ അനധികൃത സമ്പാദ്യമാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നു വരെ പി. ജയരാജൻ ആരോപിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നു. ആരോപണം എഴുതിത്തന്നാൽ അന്വേഷിക്കാമെന്നാണത്രേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സമിതിയിൽ മറുപടി നൽകിയത്. പക്ഷേ വിഷയം പോളിറ്റ് ബ്യൂറോയിലെത്തിയപ്പോൾ എല്ലാം ആവിയായി. ഇപ്പോൾ അന്വേഷണവുമില്ല, നടപടിയുമില്ല. കേരള പോലീസിനും കേന്ദ്ര പോലീസിനും അനക്കമില്ല. സകല പ്രതിപക്ഷ പാർട്ടി നേതാക്കൾക്കു പിന്നാലെയും കള്ളപ്പണം തേടി നടക്കുന്ന ഇ.ഡിക്കും ഈ വിഷയം കേട്ട മട്ടില്ല. എല്ലാം കോംപ്ലിമെന്റ്‌സ്.
എന്തു ചെയ്താലും ആരും ചോദിക്കാനില്ലെന്ന അഹങ്കാരം തന്നെയാവണം കോടതി വിധി വരുന്നതു പോലും കാത്തുനിൽക്കാതെ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും തിടുക്കത്തിന് പിന്നിൽ. അതോ, എന്തു ചെയ്താലും ജനം തങ്ങൾക്ക് വോട്ട് ചെയ്തുകൊള്ളുമെന്ന ധൈര്യമോ? അങ്ങനെയെങ്കിൽ കേരളത്തിലെ ജനങ്ങൾക്കും ഭരണഘടനയിലും ജനാധിപത്യത്തിലും വലിയ വിശ്വാസമൊന്നുമില്ലെന്ന് കരുതേണ്ടിവരും. ക്യൂബയിലെയോ ഉത്തര കൊറിയയിലെയോ സംവിധാനമാണ് കേരളം അർഹിക്കുന്നത്, തീർച്ച.