കൊച്ചി- വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. മറ്റൊരു യുവതി നേരത്തെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
2021, 2022ലും ഗോവിന്ദന്‍ കുട്ടി തന്നെ മൂന്നു തവണ ബലാത്സംഗത്തിന് വിധേയയാക്കിയെന്നാണ് രണ്ടാമത്തെ യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെയുള്ള പരാതി ആദ്യം റജിസ്റ്റര്‍ ചെയ്തത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. യുട്യൂബ് ചാനലില്‍ ടോക്ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ മര്‍ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിലൂടെ നടന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. ഡി. ജി. പി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയിരുന്നത്. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. യുവതിയുടെ ഹരജിയില്‍ ഹൈക്കോടതി ഗോവിന്ദന്‍ കുട്ടിക്ക് നോട്ടീസ് അയച്ചിരുന്നു.