കൊളോണ്‍- ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) സാഹിത്യ അവാര്‍ഡ് പത്രപ്രവര്‍ത്തകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്ക്. ജനുവരി ഏഴിന് നെടുമ്പാശ്ശേരി സാജ് എര്‍ത് ഹാളില്‍ നടക്കുന്ന എന്‍. ആര്‍. ജെ കണ്‍വെന്‍ഷനില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌ക്കാരം സമ്മാനിക്കും.
'സ്വര്‍ണം അഗ്‌നിയിലെന്ന പോലെ ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ എഴുപതുകളുടെ ആദ്യത്തില്‍ മ്യൂണിക് മഹാനഗരത്തില്‍ എത്തിയ തയ്യിലിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അഭയം നല്‍കിയതും നാല് പതിറ്റാണ്ടുകള്‍ ആത്മബന്ധം പുലര്‍ത്തിയതും വ്യക്തമാക്കിയിട്ടുണ്ട്. കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്റെ പുറംലോകം അറിയാത്ത ഒരുപാട് സവിശേഷതകള്‍ ആത്മകഥയില്‍ പറയുന്നു.
ജര്‍മനിയിലും ഓസ്ട്രിയയിലും 20 വര്‍ഷത്തോളം പഠനവും ജോലിയും ചെയ്ത ഡോ. ജോര്‍ജ് തയ്യില്‍ 30 വര്‍ഷമായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്റെ മേധാവിയാണ്. ഡി. സി ബുക്‌സാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്.