കോഴിക്കോട് - ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമായ കേരള സ്‌കൂള്‍ കലോത്സവത്തിന് നാളെ സാമൂതിരിയുടെ തട്ടകത്തില്‍ തുടക്കം.
കലോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ പന്തലാണ് ഇപ്രാവശ്യം മുഖ്യ വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്. ഇതടക്കം 24 വേദികളിലായാണ് മത്സരം. മുഖ്യമന്ത്രി പിണറായി വിജയനാണ് രാവിലെ പത്തിന് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കോവി ഡ് മഹാമാരി കാരണം നിന്നു പോയ കലോത്സവം രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും നടക്കുന്നതെന്നതും മത്സരാര്‍ഥികള്‍ക്കും മത്സരത്തിനെത്തുന്ന പതിനാല് ജില്ലകള്‍ക്കും ഏറെ വാശിയേറ്റിയിട്ടുണ്ടെന്നതും ഈ കലോത്സവത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കോഴിക്കോട്ടെത്തിയ കലാപ്രതിഭകളെ കോഴിക്കോടന്‍ മണ്ണിലേക്ക് വരവേറ്റത് മന്ത്രിമാര്‍ തന്നെയായിരുന്നു.
വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയര്‍മാനുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണമൊരുക്കിയത്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളില്‍ നിന്നെത്തിയ ആദ്യ ബാച്ചിനെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്.
ജനശതാബ്ദി എക്‌സ്പ്രസില്‍ കോഴിക്കോട് റെയിവേ സ്‌റ്റേഷനില്‍ ഉച്ചയോടെ എത്തിയ കലാപ്രതിഭകളെ പൂച്ചെണ്ടുകളും, ഹാരാര്‍പ്പണവും നടത്തി സ്വീകരിക്കുന്നതിനോടൊപ്പം കോഴിക്കോടിന്റെ തനതായ മധുരം, കോഴിക്കോടന്‍ ഹല്‍വയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് മന്ത്രിമാര്‍ കലാപ്രതിഭകളെ വരവേറ്റത്.
ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലാപ്രതിഭകളെ സ്വീകരിച്ച് പ്രത്യേകം സജ്ജീകരിച്ച കലോത്സവ വണ്ടിയില്‍ കയറ്റി യാത്രയാക്കിയാണ് മന്ത്രിമാര്‍ മടങ്ങിയത്. കലോത്സവ സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ വിജയന്‍ എംഎല്‍എ ,കലോത്സവ ഗതാഗത കമ്മിറ്റി ചെയര്‍മാന്‍ പി ടി എ റഹീം എം എല്‍ എ എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് ഏറ്റുവാങ്ങി. ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എത്തിച്ചു. പിന്നീട് ട്രഷറിയിലേക്ക് മാറ്റി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)