കോഴിക്കോട്-മുജാഹിദ് നേതാക്കളും ലീഗ് നേതൃത്വവും തമ്മിൽ കേരളത്തിൽ പതിറ്റാണ്ടുകളായി ഇഴപിരിയാത്ത ബന്ധമുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം അവസാനിച്ച പത്താമത് മുജാഹിദ് സമ്മേളനം വരെ ആ ബന്ധം ശക്തമായി നിലനിൽക്കുകയും ചെയ്തതാണ്. എന്നാൽ സംസ്ഥാന സമ്മേളനത്തിൽ മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിലുള്ള പാണക്കാട് കുടുംബത്തിൽനിന്നുള്ളവർ പങ്കെടുക്കാത്തതിനെ തുടർന്നുള്ള വിവാദം ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. സമസ്തയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കളെ പിന്നോട്ടടിപ്പിച്ചത് എന്ന് വ്യക്തമാണ്. പാണക്കാട് കുടുംബത്തിൽനിന്നുള്ളവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാത്തത് വിജയമായി ആഘോഷിച്ച് സമസ്തയിലെ ഒരു വിഭാഗം ഫെയ്‌സ്ബുക്കിൽ കുറിപ്പുകളും പങ്കിട്ടിരുന്നു.
മുൻ മുജാഹിദ് സമ്മേളനങ്ങളിൽ ചിലതിൽ പാണക്കാട് കുടുംബത്തിലുള്ളവർ സമസ്തയുടെ എതിർപ്പ് അവഗണിച്ച് പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ സമസ്ത എതിർപ്പ് ശക്തമാക്കിയതോടെ മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുസ്്‌ലിം ലീഗിന്റെ എക്കാലത്തെയും വോട്ടുബാങ്കുകളിൽ ഒന്നാണ് മുജാഹിദ് വിഭാഗങ്ങൾ. പല ഗ്രൂപ്പുകളായി പിരിഞ്ഞെങ്കിലും ലീഗിനോടുള്ള ആഭിമുഖ്യത്തിന്റെ കാര്യത്തിൽ പ്രവർത്തകർക്കിടയിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. ഭൂരിഭാഗം പ്രവർത്തകരും ലീഗിന്റെ അനുഭാവികളും നേതാക്കളുമായിരുന്നു. മുസ്്‌ലിം ലീഗിന്റെ പ്രാരംഭകാലം മുതൽ മുജാഹിദ് നേതാക്കൾ ലീഗ് നേതൃത്വത്തിലും ഉണ്ടായിരുന്നു. ഈ പാരമ്പര്യത്തിൽനിന്നാണ് ലീഗ്-മുജാഹിദ് ബന്ധത്തിന്റെ തീവ്രത പിറന്നതും. എന്നാൽ കോഴിക്കോട് ഞായറാഴ്ച സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനത്തോടെ ലീഗ്-മുജാഹിദ് ബന്ധത്തിൽ കാര്യമായ വിള്ളൽ വീണു കഴിഞ്ഞുവെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്. ഇന്ന് കോഴിക്കോട് മുസ്്‌ലിം ലീഗ് വിളിച്ചുചേർത്ത മുസ്്‌ലിം കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽനിന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ വിട്ടുനിന്നത് ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. വരുംദിവസങ്ങളിൽ മുജാഹിദ് നേതൃത്വം ഇതേ നിലപാട് തുടരുമോ എന്ന് ഉറപ്പില്ലെങ്കിലും പ്രവർത്തകരിൽ ഭൂരിഭാഗവും ലീഗ് നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന അവസ്ഥയാണ്.
മുൻ സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി സി.പി.എം നേതാക്കൾ മുജാഹിദ് വേദികളിൽ കൂടുതൽ ഉണ്ടായതും ഇക്കുറിയാണ്. സംസ്ഥാന സമ്മേളനത്തിന്റെ സമാപന സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതിൽ ലീഗിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. മുസ്്‌ലിം ലീഗിന്റെ മുൻ സംസ്ഥാന നേതാക്കളിൽ ഒരാൾ കോഴിക്കോട് സമ്മേളനത്തിൽ ആകെ പ്രസംഗിച്ചത് രണ്ടു മിനിറ്റ് മാത്രമാണ്. നിങ്ങൾക്ക് പിണറായി വിജയനുണ്ടല്ലോ എന്ന് അദ്ദേഹം സംഘാടകരോട് പരിഭവം പറയുകയും ചെയ്തു.
സമസ്തയുടെ മുന്നറിയിപ്പ് മുഖവിലക്കെടുത്ത് പാണക്കാട് കുടുംബത്തിലുള്ളവർ സമ്മേളനത്തിന് എത്തുമെന്നായിരുന്നു സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം ആലമ്പാടി അബ്ദുസലാം ദാരിമി നടത്തിയ പ്രസംഗത്തിൽ പാണക്കാട് കുടുംബത്തിലുള്ളവർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്താൽ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മുജാഹിദുകൾ സമ്മേളനത്തിന് വിളിക്കാൻ വന്നാൽ എന്റെ ബാപ്പയും വല്യുപ്പയും പങ്കെടുത്തിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കണം എന്നായിരുന്നു അബ്ദുസ്സലാം ദാരിമി പറഞ്ഞത്. എടരിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് മുനവ്വറലി തങ്ങൾ, റശീദലി തങ്ങൾ എന്നിവർ പങ്കെടുക്കുന്നത് മുൻകൂട്ടി തടയാൻ സമസ്തക്ക് സാധിച്ചിരുന്നില്ല. അതിന് ആവശ്യമായ സമയം ലഭിച്ചില്ല എന്നായിരുന്നു ഒരു സമസ്ത നേതാവ് പറഞ്ഞത്. എന്നാൽ കോഴിക്കോട് സമ്മേളനത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയത്. ഇതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, ഇത് ലീഗ്-മുജാഹിദ് ബന്ധത്തിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. മലബാറിൽ മുസ്്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ മുജാഹിദ് വോട്ടുകളും നിർണായകമാണ്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായ പല മണ്ഡലങ്ങളിലും ലീഗ് സ്ഥാനാർഥികൾ ജയിക്കുന്നത് പതിനായിരത്തിൽ താഴെ വോട്ടുകൾക്കുമാണ്. ശക്തമായ മത്സരം നടക്കുന്ന സ്ഥലങ്ങളിൽ ഉറപ്പുള്ള വോട്ടുകൾ മാറിപ്പോകുന്നത് ജയപരാജയങ്ങളിൽ നിർണായകമാകും. ഇത് മറികടക്കാൻ ലീഗ് നേതാക്കൾ കെ.എൻ.എം നേതാക്കളുമായി ചർച്ച തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. ഇത് ഫലപ്രാപ്തിയിലെത്തുമോ എന്ന് കണ്ടറിയണം.