കോട്ടയം - എ.ഐ.സി.സി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പേര് പറയാതെ ഒളിയമ്പെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ലെന്ന് മന്നം 80 വർഷം മുമ്പേ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിൽ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത്. നായന്മാരെ ഓർഗനൈസ് ചെയ്യാൻ എളുപ്പമല്ലെന്നും മന്നം ഓർമിപ്പിച്ചതായും തരൂർ ചൂണ്ടിക്കാട്ടി. മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ.
തരൂർ മലബാർ മേഖലയിൽ പര്യടനം ആരംഭിച്ചപ്പോൾ കോൺഗ്രസിൽനിന്ന് അപ്രഖ്യാപിത വിലക്കുണ്ടായത് ഏറെ വിവാദമായിരുന്നു. തുടർന്ന് പരസ്യമായ വിഴുപ്പലക്കൽ അവസാനിപ്പിക്കാൻ നേതൃത്വം ധാരണയിലെത്തി. തരൂരിനെ അടക്കമുള്ളവരെ ഉൾക്കൊണ്ടും അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തിയും പാർട്ടി മുന്നോട്ടു പോകണമെന്ന വികാരം കോൺഗ്രസിൽനിന്നും മുന്നണിയിലെ ഘടകക്ഷികളിൽനിന്നും പൊതുസമൂഹത്തിൽനിന്നുമെല്ലാം ഉയർന്നു. കോൺഗ്രസ നേതാക്കളായ കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കൊന്നും തരൂരിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തരൂരിനുള്ള പൊതുസമൂഹത്തിലെ സ്വീകാര്യത മനസ്സിലായതോടെ നേതൃത്വം പുനർവിചിന്തനത്തിന് തയ്യാറായത് പാർട്ടിയിലും മുന്നണിയിലും നല്ലൊരു അന്തരീക്ഷത്തിനാണ് കളമൊരുക്കിയത്. അതിനിടയ്ക്കാണ് പേര് വെളിപ്പെടുത്താതെയുള്ള ഒളിയമ്പ്.
അതിനിടെ, മന്നം സമ്മേളന വേദിയിൽ ശശി തരൂരിനെ എസ്.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുക്തകണ്ഠം പ്രശംസിച്ചു. ശശി തരൂർ ഡൽഹി നായരല്ല, കേരള പുത്രനായ വിശ്വപൗരനാണെന്നും സുകുമാരൻ നായർ പറഞ്ഞു. തരൂർ മുമ്പ് തിരുവനന്തപുരത്ത് മത്സരിക്കാൻ വന്നപ്പോൾ അദ്ദേഹത്തെ ഡൽഹി നായരെന്ന് താൻ വിമർശിച്ചിരുന്നു. അത് തെറ്റായിരുന്നുവെന്നും അത് തിരുത്താൻ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.