തൃശൂര്‍-ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2 കണ്‍ട്രീസ് എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിലൂടെ ദിലീപും മംമ്ത മോഹന്‍ദാസും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ വീണ്ടും വരുന്നു.
ഷാഫി തന്നെയാണ് 3 കണ്‍ട്രീസ് സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. ദിലീപ് ഷാഫി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും പണം വാരിയ ചിത്രമായിരുന്നു 2 കണ്‍ട്രീസ്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു എല്ലാ താരങ്ങളും നടത്തിയത്. താരനിരയില്‍ മാറ്റം ഉണ്ടാകില്ല. 2 കണ്‍ട്രീസിന് രചന നിര്‍വഹിച്ച റാഫി ആണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. ദിലീപ് - മംമ്ത മോഹന്‍ദാസ് കോമ്പോ സൂപ്പര്‍ ഹിറ്റായ മൈ ബോസിനുശേഷം ഒരുമിച്ച ചിത്രംകൂടിയായിരുന്നു 2 കണ്‍ട്രീസ്. അരികെ, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. അതേസമയം പുതുവര്‍ഷത്തില്‍ ദിലീപിന്റെ ആദ്യറിലീസായി വോയ്‌സ് ഒഫ് സത്യനാഥന്‍ എത്തും. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍ ആണ് നായിക. ജോജു ജോര്‍ജ്, മകരന്ദ് ദേശ് പാണ്ഡെ, ജഗപതി ബാബു എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു. ജനുവരി 20ന് ചിത്രം റീലീസ് ചെയ്യാനാണ് ആലോചന. രാമലീലയ്ക്കുശേഷം ദിലീപും സംവിധായകന്‍ അരുണ്‍ ഗോപിയും ഒരുമിക്കുന്ന ബാന്ദ്ര വിഷു റിലീസായാണ് ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ താരം തമന്ന ആണ് നായിക. തമന്നയുടെ മലയാള അരങ്ങേറ്റം കൂടിയാണ്.