റിയാദ് - മൂന്നു ബില്യൺ റിയാൽ വരുമാനമുള്ള സ്ഥാപനങ്ങളുടെ വാറ്റ് (മൂല്യവർധിത നികുതി) ഇൻവോയ്‌സുകൾ സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു. എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ ശേഷം ജനുവരി ഒന്നിനാണ് ബന്ധിപ്പിക്കൽ പൂർത്തിയാക്കിയത്. ഇതോടെ ഈ കമ്പനികൾ ഇഷ്യൂ ചെയ്യുന്ന വാറ്റ് ഇൻവോയ്‌സുകൾ അതോറിറ്റിയുടെ ഫാത്തുറ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
അതോറിറ്റിയുടെ വെബ്‌സൈറ്റിലുള്ള ഫാത്തൂറ പ്ലാറ്റ് ഫോമിൽ വൻകിട സ്ഥാപനങ്ങളുടെ കംപ്യൂട്ടറൈസ്ഡ് ഇലക്ട്രോണിക് ബില്ലുകൾ ഞായറാഴ്ച മുതൽ ബന്ധിപ്പിക്കുമെന്ന് നേരത്തെ അതോറിറ്റി അറിയിച്ചിരുന്നു. അര ബില്യൺ റിയാൽ വരുമാനമുള്ള സ്ഥാപനങ്ങളെ ജൂലൈ മുതലാണ് ഫാത്തൂറയുമായി ബന്ധിപ്പിക്കുക. എല്ലാ ഇൻവോയ്‌സുകളും അതോറിറ്റിയുടെ സിസ്റ്റവുമായി ബന്ധിപ്പിക്കുക, ഇ ഇൻവോയ്‌സിന് പ്രത്യേക ഫോർമാറ്റ് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ബന്ധിപ്പിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ആറു മാസം മുമ്പ് ഇക്കാര്യം സ്ഥാപനങ്ങളെ അറിയിച്ചിരുന്നു.
അര ബില്യൺ റിയാലിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങളിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അതുവരെ അവർക്ക് നിലവിലെ അവസ്ഥ തുടരാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായാണ് ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പാക്കി വരുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്തൃ പരിരക്ഷ, നികുതിദായകർക്ക് നികുതിയെ കുറിച്ച് അവബോധമുണ്ടാക്കൽ എന്നിവയാണ് പദ്ധതി കൊണ്ടുണ്ടായ പ്രയോജനം.
2021 ഡിസംബർ 4 മുതലാണ് ഇലക്ട്രോണിക് ബില്ലിന്റെ ആദ്യ ഘട്ടം നടപ്പാക്കിയത്. മാന്വൽ ബില്ലുകൾ ഒഴിവാക്കി എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കുകയും അത് കംപ്യൂട്ടറുകളിൽ സൂക്ഷിക്കുകയും വേണമെന്നതായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. അതോടെ കടലാസ് ബില്ലുകൾ പൂർണമായും ഒഴിവായി. ഉപഭോക്താക്കൾക്ക് ക്യുആർ കോഡുള്ള ബില്ലുകൾ നൽകാനുള്ള പദ്ധതിയും നടപ്പാക്കി.
അതേസമയം റിട്ടേണുകൾ സമർപ്പിക്കാത്ത, വാറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് 2023 മെയ് 31 വരെ അവയുടെ സ്റ്റാറ്റസ് ശരിയാക്കാൻ സമയപരിധി അനുവദിച്ചിട്ടുണ്ട്.