Sorry, you need to enable JavaScript to visit this website.

വാറ്റ് ഇ ബിൽ; അര ബില്യൺ റിയാൽ വരുമാനമുള്ളവർ ജൂലൈ മുതൽ ഓൺലൈനിൽ ബന്ധിപ്പിക്കണം

റിയാദ്- മൂല്യവർധിത നികുതി (വാറ്റ്) യുടെ ഇ ബില്ലുകൾ ഓൺലൈനിൽ ബന്ധിപ്പിക്കുന്ന നടപടികളുടെ രണ്ടാം ഘട്ടം ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അര ബില്യൺ റിയാൽ വരുമാനമുള്ള സ്ഥാപനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഓൺലൈൻ ബന്ധിപ്പിക്കൽ പരിധിയിൽ വരിക. ഒന്നാം ഘട്ടം വിജയിച്ചതോടെയാണ് രണ്ടാം ഘട്ടത്തിനുള്ള നടപടികൾക്ക് തുടക്കമായത്.
അതോറിറ്റിയുടെ വെബ്‌സൈറ്റിലുള്ള ഫത്തൂറ പ്ലാറ്റ് ഫോം വഴിയാണ് കംപ്യൂട്ടറൈസ്ഡ് ഇലക്ട്രോണിക് ബില്ലുകൾ ബന്ധിപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് ഇമെയിലുകളും സന്ദേശങ്ങളും ലഭിക്കും. സന്ദേശങ്ങൾ ലഭിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കേണ്ടത്. മൂന്നു ബില്യണിലധികം വരുമാനമുള്ള സ്ഥാപനങ്ങളെയാണ് ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇത്തരം വൻകിട സ്ഥാപനങ്ങൾ 2023 ജനുവരി ഒന്നു മുതലാണ് ഓൺലൈൻ വഴി നികുതി അതോറിറ്റിയുമായി ബന്ധിപ്പിക്കപ്പെടുക. ഈ ഗണത്തിൽ പെട്ട സ്ഥാപനങ്ങൾക്കെല്ലാം ഫത്തൂറ ഫ്‌ളാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. സക്കാത്ത് നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ നിന്നാണ് ഫത്തൂറ ഡൗൺലോഡ് ചെയ്യേണ്ടത്.


നികുതിദായകരുടെ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനങ്ങളെ അതോറിറ്റിയുടെ ഫത്തൂറതീ സംവിധാനവുമായി ബന്ധിപ്പിക്കൽ, നിർദിഷ്ട ഫോർമുലയെ അടിസ്ഥാനമാക്കി ഇലക്ട്രോണിക് ഇൻവോയ്‌സുകൾ നൽകൽ, ഇൻവോയ്‌സിൽ ഏതാനും ഘടകങ്ങൾ കൂടി ചേർക്കൽ എന്നിവ ഓരോ ഘട്ടത്തിന്റെയും പുതിയ നടപടികളുടെ ഭാഗമാണ്. ഓരോ ഘട്ടത്തിലും ലിങ്ക് ചെയ്യേണ്ട സ്ഥാപനങ്ങളെ നടപ്പാക്കേണ്ട തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും നേരിട്ടറിയിക്കും. അര ബില്യൺ റിയാലിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങളിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അതുവരെ അവർക്ക് നിലവിലെ അവസ്ഥ തുടരാം.  
രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമാണ് ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പാക്കി വരുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്തൃ പരിരക്ഷ, നികുതിദായകർക്ക് നികുതിയെ കുറിച്ച് അവബോധമുണ്ടാക്കൽ എന്നിവയാണ് പദ്ധതി കൊണ്ടുണ്ടായ പ്രയോജനം.


2021 ഡിസംബർ 4 മുതലാണ് ഇലക്ട്രോണിക് ബില്ലിന്റെ ആദ്യ ഘട്ടം നടപ്പാക്കിയത്. കൈയെഴുത്ത് ബില്ലുകൾ ഒഴിവാക്കി എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കുകയും അത് കംപ്യൂട്ടറുകളിൽ സൂക്ഷിക്കുകയും വേണമെന്നതായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. അതോടെ കടലാസ് ബില്ലുകൾ പൂർണമായും ഒഴിവായി. ഉപഭോക്താക്കൾക്ക് ക്യുആർ കോഡുള്ള ബില്ലുകൾ നൽകാനുള്ള പദ്ധതിയും നടപ്പാക്കി. 
അതേസമയം റിട്ടേണുകൾ സമർപ്പിക്കാത്ത, വാറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് 2023 മെയ് 31 വരെ അവയുടെ സ്റ്റാറ്റസ് ശരിയാക്കാൻ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ എല്ലാ സ്ഥാപനങ്ങളും വാറ്റ് നടപടികൾ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ, റിട്ടേണുകൾ സമർപ്പിക്കൽ, നികുതി അടയ്ക്കാൻ വൈകൽ, സമർപ്പിച്ച റിട്ടേണിലെ തിരുത്തൽ, ഫീൽഡ് പരിശോധനയിൽ വരുന്ന പിഴകൾ തുടങ്ങിയവക്കെല്ലാം ഇക്കാലയളവിൽ ഇളവ് ലഭിക്കും.

Tags

Latest News