മൗ- ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കിണറ്റില്‍ തള്ളി. മൗ ജില്ലയിലെ ഘോസി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വരുന്ന ഗ്രാമത്തിലാണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മാലിന്യം കളയാന്‍ പോയ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പതിനാലുകാരിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ചില തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായത്.
വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കിണറിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൈകളും കാലുകളും കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നുവെന്ന് അഡീഷണല്‍ എസ.്പി ത്രിഭുവന്‍ നാഥ് പറഞ്ഞു.
പോക്‌സോ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.
രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാമനെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.