ന്യൂദൽഹി - ഭാരത് ജോഡോ യാത്രയിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വീഴ്ച വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊരു പദയാത്രയാണ്. ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താനാകില്ലെന്ന് അദ്ദേഹം ദൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയിൽ പോലീസ് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ജാഥാനായകൻ സുരക്ഷാ ജാഗ്രതാനിർദേശങ്ങൾ പാലിക്കുന്നില്ലെന്നും 113 തവണ ഇപ്രകാരമുണ്ടായെന്നും അഭ്യന്തര മന്ത്രാലയം മറുപടി നൽകിയിരുന്നു. ഈ ചോദ്യത്തോടാണ് രാഹുലിന്റെ മറുപടി.
ഞാൻ ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് സർക്കാർആഗ്രഹിക്കുന്നത്. എനിക്ക് എങ്ങനെ അത് ചെയ്യാനാകും. ഇതൊരു പദയാത്രയാണ്. ബി.ജെ.പി. നേതാക്കൾ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഒഴിവാക്കുന്നതും പ്രോട്ടോക്കോൾ ലംഘിക്കുന്നതും അവർ കാണുന്നില്ല. അവരുടെ നേതാക്കൾ തുറന്ന ജീപ്പിൽ പ്രോട്ടോക്കോളിന് വിരുദ്ധമായി റോഡ് ഷോ നടത്തുന്നു. അവർക്കാർക്കും പ്രശ്‌നമില്ല. രാഹുൽ സ്വന്തം സുരക്ഷാവലയം ഭേദിക്കുന്നുവെന്ന് വരുത്താനാണ് അവർ ശ്രമിക്കുന്നത്. സത്യത്തെ അടിച്ചമർത്താൻ പണംകൊണ്ടും പ്രചാരണം കൊണ്ടും സാധ്യമല്ലെന്നും രാഹുൽ ഓർമിപ്പിച്ചു.