മയക്കുമരുന്ന് ഉപയോഗത്തെ പ്രാത്സാഹിപ്പിക്കുവെന്ന് ചൂണ്ടിക്കാട്ടി നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. മറ്റ് സിനിമകളിലും ഇത്തരം സീനുകളുണ്ടെങ്കിലും തന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ കാര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിക്കുന്നു.
''എനിക്ക് ഇതുവരെ എക്‌സൈസില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാര്‍ത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂര്‍വമുള്ള ടാര്‍ഗറ്റ് പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയില്‍ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. എന്റെ സിനിമയ്‌ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്'് ഒമര്‍ ലുലു ചോദിക്കുന്നു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് വകുപ്പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നയുടന്‍ കേസെടുത്തത്.