പ്രധാനമന്ത്രി മോഡിയുടെ  മാതാവ് അന്തരിച്ചു

അഹമ്മദാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതാവ് ഹീരാബെന്‍ മോഡി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.
നൂറ്റാണ്ട് തികഞ്ഞ ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോഡി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പരിപാടികളില്‍ മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഹീരാബെന്‍ മോഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി ആശുപത്രിയിലെത്തി അമ്മയെ കണ്ടിരുന്നു. ഒന്നരമണിക്കൂറിലേറെ അമ്മയുടെ അടുത്തിരുന്നശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
ഇളയമകന്‍ പങ്കജ് മോഡിയ്ക്കൊപ്പം ഗാന്ധിനഗറിന് സമീപമുള്ള റെയ്‌സാനിലായിരുന്നു ഹീരാബെന്‍ മോഡി താമസിച്ചിരുന്നത്. തന്റെ ഗുജറാത്ത് സന്ദര്‍ശന വേളയിലെല്ലാം പ്രധാനമന്ത്രി അമ്മയെ സന്ദര്‍ശിക്കുകയും, അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

Latest News