കൊച്ചി- അഭിനയത്തോടൊപ്പം ഉദ്ഘാടകയായി ജൈത്രയാത്ര തുടരുന്ന നടി ഹണി റോസ് തനിക്കെതിരായ ട്രോളുകള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ നിരവധി പരിപാടികളുടെ ഉദ്ഘാടകയായിരുന്നു ഹണി റോസ്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ താരം തന്നെ സ്ഥിരമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഇത് സോഷ്യല്‍ മീഡിയയില്‍ രസകരമായ പല ട്രോളുകള്‍ക്കും കാരണമായി. അങ്ങനെ വന്നവയില്‍ ശ്രദ്ധേയമായ ചില ട്രോളുകളാണ് ഹണി റോസ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തത്.
ഒരു ദിവസം ഏറ്റവും കൂടുതല്‍ കത്രിക എടുക്കുന്നത് ആരാണെന്നും, അമ്മ തുണി ഉണക്കാന്‍ വലിച്ചു കെട്ടിയ വള്ളി കത്രിക കൊണ്ട് മുറിച്ചു എന്നുമൊക്കെയുള്ള ട്രോളുകളാണ് ഹണി പങ്കുവച്ചത്. ഹണിയുടെ പോസ്റ്റിനടിയില്‍ അഭിനന്ദിച്ചുകൊണ്ടും അല്ലാതെയും നിരവധി ട്രോളുകള്‍ കമന്റുകളായി എത്തുകയാണ്.
ഈ വര്‍ഷം ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാര്‍ഡ് ഹണി റോസിന് തന്നെ നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയൊന്നുമില്ലെങ്കിലും ഹണി ഉദ്ഘാടനം ചെയ്തു ജീവിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു.
മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്ററിലൂടെ ആയിരുന്നു ഹണി റോസിന്റെ തിരിച്ചുവരവ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് മോണ്‍സ്റ്ററിനെ വിലയിരുത്തുന്നത്.